ദുരന്തങ്ങളെ തദ്ദേശീയമായി തന്നെ നേരിടാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയനാടൻ സേന സജ്ജമാകുന്നു. സേവന സന്നദ്ധരായ യുവാക്കളെ അണിനിരത്തി രൂപീകരിക്കുന്ന സംസ്ഥാനത്തെ തന്നെ ആദ്യ ജനകീയ ദുരന്ത നിവാരണ സേനയുടെ പരിശീലനങ്ങൾക്ക് വയനാട്ടിൽ തുടക്കമായി. കൽപ്പറ്റ മുനിസിപൽ ടൗൺ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത അഞ്ഞൂറോളം പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. പഞ്ചായത്ത് തലത്തിൽ തിരഞ്ഞെടുത്ത 1200 ഓളം വനിതകൾക്കുള്ള പരിശീലനവും പുരോഗമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനങ്ങൾ, ദുരന്ത നിവാരണം, ആതുര സേവനം തുടങ്ങി മൂന്നു വിഭാഗങ്ങളിലായി വിവിധ ഘട്ടങ്ങളിലായാണ് പരിശീലനം പൂർത്തിയാക്കുക. പഞ്ചായത്ത് തലത്തിലും ജനകീയ ദുരന്ത നിവാരണ സേനയിലേക്കുളള രജിസ്ട്രേഷനും ഇതോടൊപ്പം നടക്കും. ജില്ലയിൽ 4000 പേർ അടങ്ങുന്ന ദുരന്ത നിവാരണ സേനയെ സജ്ജമാക്കുന്നതിനുളള പ്രവർത്തനമാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, അഗ്നിശമന സേന, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിക്കണമെന്ന സർക്കാർ നിർദ്ദേശം ഉൾക്കൊണ്ടാണ് ജില്ലാ പഞ്ചായത്ത് നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ വകയിരുത്തി ദുരന്ത നിവാരണ സേന രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയത്. രക്ഷാപ്രവർത്തനത്തിന് സഹായകരമാകുന്ന ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. പരിശീലനം പൂർത്തിയാക്കിവർക്കായി തിരിച്ചറിയൽ രേഖയും വിവരങ്ങൾ ഉൾപ്പെടുത്തിയുളള ഡയറക്ടറിയും ഇതോടൊപ്പം തയ്യാറാക്കുന്നുണ്ട്. പ്രാദേശികമായി ഉണ്ടാകുന്ന ഏതൊരു ദുരന്ത സാഹചര്യങ്ങളേയും വളരെ പെട്ടെന്ന് തന്നെ നേരിടാൻ സേനയെ സജ്ജമാക്കുകയാണ് ലക്ഷ്യം.