കോട്ടയം നഗരത്തിലും ജില്ലയില്‍ പൊതുവേയും ജലവിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ജല അതോറിറ്റിക്ക് ജില്ലാ വികസന സമിതിയുടെ നിര്‍ദേശം. കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടിയാല്‍ സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് വിഷയം യോഗത്തില്‍ അവതരിപ്പിച്ചത്. കോട്ടയം നഗരത്തില്‍ പല സ്ഥലങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ എടുത്തിട്ടുള്ളവര്‍ക്ക് കൃത്യമായി വെള്ളം കിട്ടുന്നില്ല. അതേസമയം പൈപ്പ് പൊട്ടി വെള്ളം  നിരന്നൊഴുകുന്നതുമൂലം റോഡ് നശിക്കുകയും ചെയ്യുന്നു. പൈപ്പ് പൊട്ടിയാല്‍ 24 മണിക്കൂറിനുള്ളില്‍ അറ്റകുറ്റപ്പണി നടത്താന്‍ സംവിധാനമുണ്ടാകണം-അദ്ദേഹം നിര്‍ദേശിച്ചു.

വെള്ളം കൃത്യമായി ലഭ്യമാക്കാതെ വന്‍ തുകയുടെ ബില്ല് നല്‍കുന്നതു സംബന്ധിച്ച പരാതികള്‍ അദാലത്തുകള്‍ നടത്തി പരിഹരിക്കണം. പടിഞ്ഞാറന്‍ മേഖലയില്‍ വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യമുണ്ടാകാതിരിക്കുന്നതിന്  മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തണം. ഇറഞ്ഞാല്‍ പാലത്തിന് ഭീഷണി ഉയര്‍ത്തുന്ന മരം മുറിച്ചു മാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പും സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും ചേര്‍ന്ന് നടപടി സ്വീകരിക്കണം. ഇതിന് ദുരന്തനിവാരണ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള സാധ്യത ആരായണം.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
റോഡുകളുടെ നടപ്പാത കയ്യേറിയുള്ള കച്ചവടം ജില്ലയില്‍ വ്യാപകമായിരിക്കുകയാണെന്നും ഇത്തരം കടകള്‍ ഒഴിപ്പിക്കാന്‍ പൊതുമരാമത്ത് നിരത്തു വിഭാഗം ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഡോ. എന്‍. ജയരാജ് എം.എല്‍.എ നിര്‍ദേശിച്ചു. പഞ്ചായത്തുകളുടെ അനുമതിയുണ്ടെന്നാണ് ഇത്തരം കച്ചവടക്കാര്‍ അവകാശപ്പെടുന്നത്. ഇവര്‍ പാചക വാതക സിലിന്‍ഡറുകള്‍ അനധികൃതമായി ഉപയോഗിക്കുന്നതായും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതായും പരാതികളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നടപ്പാതകള്‍ കയ്യേറി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്കെതിരെ ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ സമര്‍പ്പിച്ചിട്ടുള്ള പരാതി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സമിതിയുടെ ശ്രദ്ധയില്‍പെടുത്തി. നടപ്പാത കയ്യേറി നടത്തുന്ന കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അടിയന്തര പരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയ ധനസഹായമായ പതിനായിരം രൂപയ്ക്ക് അര്‍ഹരായവരുടെ താലൂക്ക് തിരിച്ചുള്ള പട്ടിക തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ ചോദ്യത്തിന് ഉത്തരമായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് ചെയ്തു. കാഞ്ഞിരപ്പള്ളി-245, മീനച്ചില്‍-1255, ചങ്ങനാശേരി-6532, വൈക്കം 31237, കോട്ടയം-34132 എന്നിങ്ങനെയാണ് കണക്ക്.

പഴയിടം കോസ് വേയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായും കോസ് വേയ്ക്ക് കൈവരികള്‍ നിര്‍മിക്കുന്ന ജോലി മഴക്കാലം കഴിഞ്ഞാലുടന്‍ ആരംഭിക്കുമെന്നും ഡോ. എന്‍. ജയരാജ് കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ ഉന്നയിച്ച വിഷയത്തിന് പൊതുമരാമത്ത് വകുപ്പ് വിശദീകരണം നല്‍കി. കാഞ്ഞിരപ്പള്ളി സബ് ആര്‍.ടി. ഓഫീസും പൊന്‍കുന്നം സബ്

ട്രഷറിയും പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോട്ടയം നഗരത്തില്‍ പല സ്ഥലങ്ങളിലും രാത്രി കാലങ്ങളില്‍ വെളിച്ചമില്ലാത്തതു സംബന്ധിച്ച പരാതികള്‍ കെ.എസ്.ഇ.ബി പരിഹരിക്കുന്നതിന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ.പി. ആര്‍. സോന നിര്‍ദേശിച്ചു.  നാഗമ്പടം പാലത്തിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കു ന്നതിന് പാലം അവസാനിക്കുന്നിടത്ത് റോഡില്‍ നിലവിലുള്ള കട്ടിംഗ് പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്യണമെന്ന്  ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് ആവശ്യപ്പെട്ടു.

കോരൂത്തോട് കണ്ടങ്കയം റോഡിന് സമീപം വനാതിര്‍ത്തിയിലുള്ള കൃഷിയിടങ്ങളില്‍ കാട്ടാന ശല്യം ഒഴിവാക്കുന്നതിന് നടപടി വേണമെന്ന് ആന്‍റോ ആന്‍റണി എം.പിയുടെ പ്രതിനിധി ബാബു ജോസ് യോഗത്തില്‍ ആവശ്യപ്പെട്ടു.

എ.ഡി.എം ടി.കെ. വിനീത് അധ്യക്ഷനായി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു പങ്കെടുത്തു.