കൊച്ചി: പരീക്ഷയും മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും അടക്കമുള്ള ചുമതലകള്‍ കൃത്യമായി നിറവേറ്റാന്‍ സര്‍വകലാശാലകളും വിദ്യാഭ്യാസരംഗത്തെ മറ്റ് സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം വലിയ നേട്ടങ്ങള്‍ അവകാശപ്പെടുമ്പോഴും കാലാനുസൃതമായ മികവ് ഉന്നതവിദ്യാഭ്യാസരംഗത്ത് കൈവരിക്കാനായോ എന്ന് ഗൗരവമായി വിലയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍കലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് കൊച്ചി സര്‍വകലാശാലയ്ക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്തിനും രാജ്യത്തിനും വേണ്ട പ്രതിഭകളാണ് നമ്മുടെ സര്‍വകലാശാലകളില്‍ രൂപമെടുക്കേണ്ടത്. സ്ഥാപനങ്ങള്‍ കൃത്യസമയത്ത് കാര്യങ്ങള്‍ ചെയ്യാത്തത് മൂലം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് പ്രയാസപ്പെടുന്ന സാഹചര്യത്തിന് അവസാനം കുറിക്കണം. ഇക്കാര്യത്തില്‍ ആര് വീഴ്ച്ച വരുത്തിയാലും മൊത്തം വിദ്യാഭ്യാസരംഗവും സംസ്ഥാനവുമാണ് ഫലം അനുഭവിക്കേണ്ടി വരുന്നത്. സര്‍വകലാശാലകളുടെ മികവ് നിശ്ചയിക്കുമ്പോള്‍ ഇക്കാര്യം കൂടി കണക്കിലെടുക്കണം. വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ഉറപ്പാക്കാനും പരീക്ഷകള്‍ സമയത്ത് നടത്താന്‍ മുന്നൊരുക്കമില്ലാത്തതിനും കാരണം പരിശോധിക്കണം. ആരെയെങ്കിലും കുറ്റം പറഞ്ഞ് കയ്യൊഴിയാതെ പരിഹാരം കാണാന്‍ കൂട്ടായി ശ്രമിക്കണം. സൃഷ്ടിപരമായ പരിഷ്‌കാരങ്ങളോടുള്ള എതിര്‍പ്പിനെ ഗൗനിക്കാതെ, വഴിമുടക്കുന്നവരെ മാറ്റി നിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയണം – മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയെ കേവലം കേരളത്തിന്റെ അതിരുകള്‍ക്കുള്ളിലല്ല വീക്ഷിക്കേണ്ടത്. ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ എത്രാമത്തേതാണ് ഈ സര്‍വകലാശാലയെന്നാണ് ചിന്തിക്കേണ്ടത്. മികച്ച സര്‍വകലാശാലകളിലൊന്ന് എന്ന നിലയിലേക്ക് വളര്‍ത്തിയെടുക്കാനുള്ള പരിശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും മികച്ച സര്‍വകലാശാലയ്ക്കുള്ള അവാര്‍ഡ് കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജെ. ലതയ്ക്ക് സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ജസ്റ്റിസ് പി. സദാശിവം സമ്മാനിച്ചു. ഉയര്‍ന്നുവരുന്ന മികച്ച സര്‍വകലാശാലയ്ക്കുള്ള അവാര്‍ഡ് കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിക്കു വേണ്ടി വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന എക്‌സ്. അനില്‍ ഏറ്റുവാങ്ങി. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, ഗവര്‍ണറുടെ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ദോതാവത്, ഡോ. ജെ. ലത എന്നിവരും പ്രസംഗിച്ചു.