കൗമാരകലാ മേളയുടെ ചിലമ്പൊലി കേട്ടു തുടങ്ങി. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കലോത്സവം ജില്ലയിലെത്തുമ്പോള്‍ അതിഥികളെ എങ്ങനെയൊക്കെയാണ് സല്‍ക്കരിക്കേണ്ടതെന്ന് ആലോചിച്ച് കൈമെയ് മറന്ന് ഒരുക്കങ്ങള്‍ നടത്തുകയാണ് നാട്ടുകാര്‍. അലാമിക്കളിയും മംഗലം കളിയും മാവിലന്‍പാട്ടും മതമൈത്രി വിളിച്ചോതുന്ന ആലിച്ചാമുണ്ഡിയും മുക്രിപ്പോക്കറും ബപ്പിരിയന്‍ തെയ്യവും ഉമ്മച്ചിത്തെയ്യവുമെല്ലാം ചേര്‍ന്ന സംസ്‌കാര വൈവിധ്യത്തിന്റെ നാട്. മലയാളം മാതൃ ഭാഷയല്ലാതിരുന്നിട്ടും മലയാളികളെ നെഞ്ചോട് ചേര്‍ത്ത കന്നഡയും തുളുവും കൊങ്ങിണിയും ബ്യാരിയും സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങള്‍.

ബെയ്ച്ചാ, അവ്ത്ത്ക്ക്  ബാ, ബേങ്കീ… അല്ലേ ബീം എന്നൊക്കെപ്പറഞ്ഞ് നമ്മെ ചേര്‍ത്ത് പിടിക്കുന്ന കസ്രോട്ടുകാര്‍. പോടിയും, പുണ്ടിയും, ഗോളിബജ്ജിയും വാങ്ങിത്തരുന്നവര്‍. നാടുമുഴുവന്‍ കോട്ടകളുള്ള കാസര്‍കോടിന്റെ സ്‌നേഹത്തെ, ആതിഥ്യ രീതികളെക്കുറിച്ച് പറയാനേറെയുണ്ട്. വര്‍ണ്ണങ്ങള്‍ നിറഞ്ഞ മനോഹരമായ പൂക്കളും നല്ല അസല് അവില്‍ മില്‍ക്കും, കാസ്രോടന്‍ സാരിയും, തളങ്കരത്തൊപ്പിയും കിട്ടുന്ന കാസ്രോട്ടേക്ക്  എത്തുന്ന  പ്രതിഭകളെയെല്ലാം ചേര്‍ത്ത് പിടിച്ച് സ്‌നേഹം പകരാന്‍ ഈ നാട് ഒരുങ്ങുകയാണ്.

തുളുനാട്ടിലെ സുരങ്കങ്ങളിലൂടെ ഒഴുകുന്ന വെള്ളം പോലെ ശുദ്ധമാണ് ഈ നാടും. ചന്ദ്രഗിരിക്ക് വടക്ക് കലോത്സവത്തിന് വേദികളില്ലെന്നിരിക്കിലും ജില്ലയുടെ മുഴുന്‍ സ്‌നേഹവും കാഞ്ഞങ്ങാട്ടേക്ക് ഒഴുകും എന്നത് സംശയമില്ലാത്ത കാര്യം തന്നെ. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ജില്ല രൂപീകരിച്ച് കേവലം ആറ് വര്‍ഷം മാത്രം പ്രായമുളളപ്പോള്‍ കലോത്സവത്തിന് ആതിഥ്യമരുളിയ ചരിത്രം ഈ നാടിനുണ്ട്. അന്നും സംഘാടക മികവിന് പേരെടുത്ത ജില്ല, വീണ്ടും കാത്തിരിക്കുന്നത് നാട്ടിലെത്തുന്നവരെ സല്‍ക്കരിക്കാന്‍ തന്നെയാണ്.

ഈ തുളുമണ്ണിന്റെ ഓരോ മൂലയിലും കലോത്സവത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഭക്ഷണമെരുക്കാന്‍, പന്തലൊരുക്കാന്‍, മണ്ണും വെള്ളവും മലിനമാകാതിരിക്കാനുള്ള സജ്ജീകരണങ്ങള്‍ക്കായി, നല്ല താമസ സൗകര്യമൊരുക്കാന്‍… അങ്ങനെ അങ്ങനെ…. കലോത്സവ വേദികളോട് ചേര്‍ന്ന ഓരോ വീടും അതിഥികളെ കാത്തിരിക്കുകയാണ്, താമസിക്കാന്‍ ഇടം കിട്ടാത്തവരെ ഒപ്പം കൂട്ടാന്‍. കൂടെ ഞങ്ങളുണ്ടെന്ന് പറയാന്‍. അങ്ങനെ തുളുനാടിന്റെ സ്‌നേഹം നിറഞ്ഞ രാപകലുകള്‍ കലാപ്രതിഭകളെ വീണ്ടും ഈ നാട്ടിലേക്ക് വിളിക്കും. കാസര്‍കോടന്‍ കലാ സായാഹ്നങ്ങള്‍ അത്രമേല്‍ പ്രിയപ്പെട്ടതാക്കാന്‍ ഒരു നാടുമുഴുവന്‍ ഒരുങ്ങുകയാണ്.

ഒരുങ്ങുന്നു കലോത്സവ രേഖയും….
രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം തുളുനാട്ടിലേക്ക് വീണ്ടും വിരുന്നെത്തിയ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സത്ത ചോരാതെ രേഖപ്പെടുത്തി വയ്ക്കാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍. കലോത്സവ സംഘാടനത്തെ കുറിച്ചും മത്സര പരിപാടികളെയും  വിജയികളെയും ഉള്‍പ്പെടെ കലോത്സവം കാസര്‍കോടിന്റെ മണ്ണില്‍ അടയാളപ്പെടുത്തുന്നതിനെയൊക്കെയും രേഖപ്പെടുത്തി ഇനി വരുന്ന കലോത്സവ സംഘാടകര്‍ക്കും ഉപയോഗ പ്രഥമാവുന്ന ഒരു രേഖ എന്ന രീതിയിലാണ് സുവനീര്‍ തയ്യാറാവുന്നത്.
കാസര്‍കോടിന്റെ കലയും സാഹിത്യവും സംസ്‌കാരവും ഭാഷാവൈവിധ്യവും സംസ്‌കൃതിയും സമര പോരാട്ടങ്ങളുമെല്ലാം ഉള്‍ചേര്‍ന്ന് പതിനാറ് വിഭാഗങ്ങായി തിരിച്ച് തയ്യാറാക്കുന്ന രേഖ കാസര്‍കോടിന്റെ സമ്പൂര്‍ണ അവലോകനമായിരിക്കും. മലയാളത്തോടൊപ്പം കന്നഡ ഭാഷയിലെ സംഭാവനകളും രേഖയില്‍ ഉള്‍പ്പെടുത്തും.
കാസര്‍കോടിന്റെ ചരിത്രം,സംസ്‌ക്കാരം, സാഹിത്യം, കല,സമര പോരാട്ടങ്ങള്‍, ഭാഷ, കലോത്സവത്തിലെ മത്സരങ്ങളുടെയും മത്സരാര്‍ഥികളുടെയും വിവരങ്ങള്‍, കലോത്സവ സബ് കമ്മിറ്റികളെ കുറിച്ചുള്ള കുറിപ്പുകള്‍, കലോത്സവ റിപ്പോര്‍ട്ടുകള്‍, പ്രമുഖരുടെ അഭിമുഖ കുറിപ്പുകള്‍, കാസര്‍കോടിന്റെ കലാകാരന്‍മാരുടെ വരകള്‍, ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ആശംസകള്‍ തുടങ്ങി 60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ രേഖ പ്രസിദ്ധീകരിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. പരസ്യങ്ങള്‍ ഒഴിവാക്കിയാണ് രേഖ തയ്യാറാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
പൊതുവിദ്യഭ്യാസ  ഡയരക്ടര്‍ കെ ജീവന്‍ ബാബു ഐ എ എസ് ആണ് സുവനീര്‍ സമിതിയുടെ തലവന്‍. നായര്‍മ്മാര്‍മൂല  ടി ഐഎച്ച്  എസ് എസി ലെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി നാരായണന്‍  കണ്‍വീനറുമായ സമിതിയാണ് സുവനീര്‍ തയ്യാക്കുന്നത്. കലോത്സവ സമാപനത്തില്‍ കലോത്സവ രേഖയുടെ കരട് പ്രകാശനം നിര്‍വ്വഹിക്കും.  ..