നിർമ്മാണമേഖലയിലെ അപാകതകൾ പരിഹരിച്ച് സമയ ബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കും: മന്ത്രി ജി സുധാകരൻ
 
കണ്ണൂർ: നിർമ്മാണമേഖലയിലെ പരാതികൾ പരിഹരിച്ച്  റോഡ്, പാലം പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്തു രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ. ഈ മേഖലയിൽ  ഉണ്ടായിരുന്ന അപാകതകൾ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.  തളിപ്പറമ്പ, കല്യാശ്ശേരി നിയോജക മണ്ഡലങ്ങളിൽപ്പെട്ട കുപ്പം – പാറമ്മേൽക്കടവ്- മുതുകുട- കാവുങ്കൽ റോഡ്‌, കാവിൻ മുനമ്പ്- മുള്ളൂൽ – വെള്ളിക്കീൽ – ഏഴാംമൈൽ, തളിപ്പറമ്പ് ഇരിട്ടി റോഡിൽ സിആർഎഫിൽ ഉൾപ്പെടുത്തി കപ്പാലം മുതൽ ചൊറുക്കള വരെയുള്ള റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കു തുടക്കമിട്ടു കൊണ്ട് തളിപ്പറമ്പ ടൗൺ സ്ക്വയറിൽ സംസാരിക്കുകയായിരുന്നു മന്ത്രി
പുതിയ കാലത്തിനനുസരിച്ച് പുതിയ നിർമ്മാണ രീതികളാണ് കേരളം നടപ്പാക്കുന്നത്. അത് മികച്ച രീതിയിൽ സമയബന്ധിതമായി പ്രാവർത്തികമാക്കാൻ വേണ്ട ഇടപെടലുകൾ നടത്തണമെന്ന് എഞ്ചിനീയറിംഗ് വിഭാഗത്തിന് മന്ത്രി നിർദ്ദേശം നൽകി.440 പാലങ്ങളാണ് കേരളത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. സർവകാല റെക്കോഡാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
D.ജെയിംസ് മാത്യു എം എൽ എ അദ്ധ്യക്ഷനായി.  നിരത്തുകൾ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ കെ ജിഷാ കുമാരി റിപ്പോർട്ടവതരിപ്പിച്ചു.ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, തളിപ്പറമ്പ് നഗരസഭാദ്ധ്യക്ഷൻ അള്ളാംകുളം മഹമൂദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത ,പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇ ജി വിശ്വ പ്രകാശ്, അസി .എക്സിക്യുട്ടീവ് എഞ്ചിനീയർ സി ദേവേശൻ, വിവിധ തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷൻ മാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.