ഉദ്യോഗസ്ഥര്‍ അഴിമതിരഹിതമായി പ്രവര്‍ത്തിക്കണം: മന്ത്രി ജി.സുധാകരന്‍

ദീര്‍ഘകാല അടിസ്ഥാനത്തില്‍ റോഡ് നിര്‍മാണം നടത്താന്‍ ഉദ്യോഗസ്ഥര്‍ അഴിമതിരഹിതമായി പ്രവര്‍ത്തിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. നെടുങ്ങാടപള്ളി – കവിയൂര്‍-മല്ലപ്പള്ളി റോഡ് നിര്‍മാണ പ്രവര്‍ത്തനം മുക്കൂര്‍ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് നിര്‍മാണത്തിന് നല്‍കുന്ന തുക കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. നൂതന നിര്‍മാണ ആശയങ്ങള്‍ ഉള്‍പ്പെടുത്തി  റോഡു പണികള്‍ നടത്തണമെന്നും മന്ത്രി  പറഞ്ഞു.

മല്ലപ്പള്ളി, കുന്നന്താനം, കവിയൂര്‍, കല്ലൂപ്പാറ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന 20.9 കിലോമീറ്റര്‍ നീളമുള്ള അഞ്ച് റോഡുകള്‍ അത്യാധുനിക രീതിയിലാണ് നിര്‍മിക്കുന്നത്.   2017 – 18 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 22.18 കോടി രൂപയ്ക്കാണ് റോഡ് നിര്‍മിക്കുക.  ബി.എം ആന്‍ഡ് ബി.സി ടാറിംഗ് നടത്തി റോഡിന്റെ ഉപരിതലം പുതുക്കും. സംരക്ഷണഭിത്തി, ഓടകള്‍, സൈന്‍ ബോര്‍ഡുകള്‍, പ്രധാന ജംഗ്ഷനുകളുടെ നവീകരണം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഡ്വ.മാത്യു ടി.തോമസ് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണ കുറുപ്പ്, കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ എല്‍.ബീന, പൊതുമരാമത്ത് സൗത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ജി. ഉണ്ണികൃഷ്ണന്‍ നായര്‍, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.