കേരളം കടന്നു പോകുന്നത് രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലുടെ: സ്പീക്കർ
കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍. വിദ്യാഭ്യാസരംഗത്തിന് പ്രാധാന്യം കൽപിക്കുന്ന സമൂഹമാണ് കേരളമെന്നത് ലോകം മുഴുവൻ അംഗീകരിക്കുന്ന കാര്യമാണെന്നും ലോകത്തെവിടെയും പ്രസരിപ്പിക്കാൻ ശേഷിയുള്ള ബുദ്ധികൂർമ്മതയുള്ള യൗവ്വനമാണ് നമ്മുടെ സമ്പത്തെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന കുറുമാത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പുതിയ അക്കാദമിക് ബ്ലോക്ക് നാടിന് സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് തലപൊക്കാനാകത്തവിധം തളർന്നു പോയ കേരളത്തിന്റെ പൊതു വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ പാതയിലാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ വിദ്യാലയങ്ങൾ മെല്ലെ കുതിക്കുകയാണ്.  പാഠപുസ്തകങ്ങൾ പഠിക്കലല്ല ഓരോ കുട്ടിക്കും അറിവിന്റെ ആകാശങ്ങൾ തേടിപ്പിടിക്കാൻ പറ്റുന്ന വലിയ സാധ്യതകളിലേക്കാണ് പൊതുവിദ്യാഭ്യാസ യജ്ഞം മുന്നോട്ട് പോകുന്നത്. കേരളത്തിന്റെ വികസനം കേന്ദ്രീകരിക്കേണ്ടത് നമ്മുടെ മനുഷ്യ വിഭവത്തെ ഭംഗിയായി ക്രമപ്പെടുത്തുക എന്നതിലാണ്. അതാണ് സ്കൂളുകളിൽ നടത്തേണ്ടതും – സ്പീക്കർ പറഞ്ഞു.
വിവരങ്ങളുടെ കൂമ്പാരമായി ഇന്ന് ലോകം മാറി. നിലവിലുള്ള അറിവിനെ പൊളിച്ചടുക്കി കൊണ്ട് പുതിയ അറിവിനെ ഉൽപാദിപ്പിക്കുന്ന സമൂഹമാണ് ഇന്നത്തേത്. ബിരുദങ്ങളെയും പരീക്ഷകളെയും അട്ടിമറിച്ചു കൊണ്ട് അറിവുകളുടെ വിസ്ഫോടനം നടക്കുന്ന  ഇക്കാലത്ത് പഴയ അധ്യാപന രീതി കുട്ടികൾക്ക് ആവശ്യമില്ല. ലഭിച്ച വിവരങ്ങളെ പ്രക്രിയ വൽക്കരിക്കുന്നതാകണം വിദ്യാഭ്യാസം. പുതിയ വിജ്ഞാനം ഉൽപാദിപ്പിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. അതിന് കഴിയണമെങ്കിൽ പഠിക്കാൻ പഠിക്കലായി വിദ്യാഭ്യാസം മാറണം. കെട്ടിടങ്ങൾ നിർമ്മിക്കുന്നതോടുകൂടി പൊതു വിദ്യാഭ്യാസ യജ്ഞം അവസാനിക്കുകയല്ല മറിച്ച് ആരംഭിക്കുകയാണ്. ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഓരോ കുട്ടിയുടെയും ശേഷിയിലേക്ക് കേന്ദ്രീകരിക്കുന്ന രീതിയിൽ വിദ്യാഭ്യാസത്തെ ക്രമീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ സ്കൂളുകൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്. കെട്ടിടങ്ങളുടെ മികവല്ല, ബുദ്ധിയുടെയും പ്രതിഭയുടേയും  മികവാക്കി മാറ്റുന്ന പശ്ചാത്തലമാണ് ഒരുക്കുന്നത്. മാറ്റങ്ങൾക്കൊപ്പം അതിന് യോജിക്കുന്ന തരത്തിൽ അധ്യാപനത്തെ  ക്രമീകരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ അധ്യാപകർക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട കുറുമാത്തൂര്‍ ജിവിഎച്ച്എസ്എസ്സിലെ ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ച ബ്ലോക്കിന്റെ ഉദ്ഘാടനമാണ് സ്പീക്കർ നിർവഹിച്ചത്. അഞ്ച് കോടി രൂപ കിഫ്ബി ഫണ്ടും പൊതുജനങ്ങളില്‍ നിന്നും പൂര്‍വ്വ വിദ്യാര്‍ഥികളില്‍ നിന്നും സമാഹരിച്ച 32 ലക്ഷം രൂപയും ഉപയോഗിച്ചാണ് ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തീകരിച്ചത്.13 ഹൈടെക് ക്ലാസ്മുറികള്‍, കംമ്പ്യൂട്ടര്‍ ലാബ്, ഷീ റൂം, കൗണ്‍സലിംഗ് റൂം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള റിസോഴ്‌സ് റൂം, സ്റ്റാഫ് റൂം, ഓഫീസ് മുറി, പ്രിന്‍സിപ്പല്‍- വൈസ് പ്രിന്‍സിപ്പല്‍ മുറി, ടോയ്‌ലെറ്റ് ബ്ലോക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ബ്ലോക്ക്. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കെട്ടിടത്തില്‍ മുഴുവന്‍ ക്ലാസ്മുറികളിലും പ്രൊജക്ടറും ഇന്റര്‍നെറ്റ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിന്റെ സമഗ്ര വികസനത്തിനായി 21 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.
ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഐ വി നാരായണൻ, എ രാജേഷ്, അഡ്വ. കെ കെ രത്നകുമാരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ പി ജയബാലൻ മാസ്റ്റർ, തളിപ്പറമ്പ് ഡിഇഒ എം കെ ഉഷ, എസ്എസ്കെ ജില്ലാ പ്രൊജക്ട് കോ- ഓർഡിനേറ്റർ ടി പി വേണുഗോപാലൻ, ഡി പി ഒ കണ്ണൂർ എസ് പി രമേശൻ, പ്രിൻസിപ്പൽ പി ടി രാജി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഫിലൈറ്റ് സ്റ്റീഫൻ, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സമയബന്ധിതമായി കെട്ടിടം പണി പൂർത്തീകരിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെയും സ്കൂളിന്റെ സ്ഥാപക വികസന സമിതി കൺവീനർ, പ്രഥമ അധ്യാപകൻ തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.