പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം നിലനിര്‍ത്തിയ പാലക്കാട് ടീമിന് പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പി. എം. ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ബാന്‍ഡ് അകമ്പടിയോടെയാണ് മോയന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പാലക്കാട് ടീമിനെ ആനയിച്ചത്.

സുവര്‍ണ കിരീടമേന്തിയ ഘോഷയാത്രയില്‍ കലോത്സവ ടീം അംഗങ്ങളും അധ്യാപകരും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും പങ്കെടുത്തു. തുടര്‍ന്ന് മോയന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

പാലക്കാട് ഏറെ അഭിമാനകരമായ നിമിഷത്തിലാണന്നും ജില്ല കലയുടെ കേന്ദ്രമായി മാറിയെന്നും ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം കലയുമെന്ന ആശയം പാലക്കാട് ഏറ്റെടുത്ത് കഴിഞ്ഞെന്നും ശാസ്ത്ര, കായിക, കലാ മേഖലയില്‍ പാലക്കാട്ടെ വിദ്യാര്‍ഥികള്‍ മികവു പുലര്‍ത്തി കഴിഞ്ഞെന്നും അവര്‍ കൂട്ടിചേര്‍ത്തു.

സമഗ്രമായ മുന്നേറ്റം വരും വര്‍ഷങ്ങളിലും നിലനിര്‍ത്തണം. 161 പോയിന്റുകളുടെ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി കേരളത്തില്‍ ഒന്നാമതെത്തിയ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം സ്‌കൂളിനെയും സ്വീകരണ പരിപാടിയില്‍ പ്രത്യേകം പ്രശംസിച്ചു.

സ്വീകരണ പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷയായി.  ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍, ടീം മാനേജര്‍ പി.തങ്കപ്പന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ എ.രാജേന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ എം.കൃഷ്ണദാസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ ടി.ജയപ്രകാശ്, ഡി.ഇ.ഒ മാരായ അബ്ദുല്‍മജീദ്, ജയശ്രീ, എ.ഇ.ഒ സുബ്രഹ്മണ്യന്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ കുഞ്ഞുണ്ണി, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ വി.പി.ശശികുമാര്‍, മോയന്‍ എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ അനില്‍, പ്രധാനാധ്യാപകരായ എ.ശിവദാസന്‍, യു.ശിവദാസന്‍, അധ്യാപക സംഘടന പ്രതിനിധികള്‍, മറ്റു പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.