പത്തനംതിട്ട: സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകളേയും ആഗോള ഓണ്‍ലൈന്‍ വ്യവസായ ഭീമന്മാരെയും നേരിടാന്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളെ ഹൈപ്പര്‍ മാര്‍ക്കറ്റുകളാക്കുമെന്നു ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഇതോടൊപ്പം ഹൈപ്പര്‍മാര്‍ക്കറ്റുകളെ സൂപ്പര്‍ ബസാറുകളായി  മാറ്റുമെന്നും മന്ത്രി പറഞ്ഞു. കോഴഞ്ചേരി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവല്ല, പിറവം, കൊല്ലം എന്നിവിടങ്ങളില്‍ അത്യാധുനിക രീതിയിലുള്ള  സപ്ലൈകോ സ്‌റ്റോറുകള്‍ ഉടന്‍ ആരംഭിക്കും.  ഗൃഹോപകരണ സാധനങ്ങള്‍  വിതരണം ചെയ്യുന്നതു പോലെ പുതിയ മേഖലകളിലേക്കുകൂടി സപ്ലൈകോയെ വ്യാപിപ്പിക്കും. സപ്ലൈകോയില്‍ ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ റേഷന്‍ കടകളില്‍ നിന്നുകൂടി ജനങ്ങള്‍ക്കു ലഭ്യമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകും. റേഷന്‍ സാധനങ്ങള്‍ ആരുടേയും ഔദാര്യമല്ലെന്നും അവകാശമാണെന്നും ആ അവകാശത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
കോഴഞ്ചേരിയിലെ പഴയ മാവേലി സ്‌റ്റോറിനു പകരം ഉപഭോക്താവിനു സാധനങ്ങള്‍ സ്വയം തെരഞ്ഞെടുക്കുവാനുള്ള സൗകര്യത്തോടു കൂടിയാണു പുതിയ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന പതിനാലിനം അവശ്യസാധനങ്ങള്‍ക്കു പുറമെ നിത്യോപയോഗ സാധനങ്ങളും മരുന്നുകളും ഗൃഹോപകരണങ്ങളും വിലക്കുറവില്‍ നവീകരിച്ച മാവേലി സൂപ്പര്‍ സ്‌റ്റോറില്‍ ലഭ്യമാണ്.
വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദ്യ വില്‍പന നടത്തി. സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.എന്‍ സതീഷ്,  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍, വൈസ് പ്രസിഡന്റ് എം.എസ് പ്രകാശ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ  എ.പി ജയന്‍, ആര്‍.അജയകുമാര്‍, തോമസ് ജോണ്‍, വിക്ടര്‍ ടി തോമസ്, ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന തുടങ്ങിയവര്‍ പങ്കെടുത്തു.