പത്തനംതിട്ട: ജീവനി പദ്ധതിയെ സമൂഹം ഏറ്റെടുക്കണമെന്നു ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ ജീവനി പദ്ധതിയില്‍ തയാറാക്കിയ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം  പന്തളം കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  പന്തളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിനു പച്ചക്കറി തൈകള്‍ നല്‍കിയാണു ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചത്.
കേരളത്തെ കാര്‍ഷിക സ്വയം പര്യാപ്തമായി മാറ്റുന്നതിന്റെ ഭാഗമായാണു ജീവനി പദ്ധതി ഒരുക്കിയിട്ടുള്ളതെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 14 വരെയാണു ജീവനി പദ്ധതി പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ജീവനി പദ്ധതിയിലൂടെ വരും തലമുറയ്ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുക എന്നതാണു ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമായി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ അടിസ്ഥാനത്തില്‍ കൃഷികള്‍ ആരംഭിക്കും.
രണ്ടാംഘട്ടമായി സര്‍ക്കാര്‍ ഓഫീസുകളിലും കൃഷി ആരംഭിക്കും. ജീവനി പദ്ധതിയുടെ മൂന്നാം ഘട്ടം എല്ലാ വീടുകളിലും കൃഷി നടത്തുക എന്നതാണ്. തരിശുരഹിത പഞ്ചായത്തുകള്‍ ആയി മാറ്റാന്‍ ജീവനി കൊണ്ട് സാധിക്കും. കൊടുമണ്‍ റൈസ് എന്ന അരി വിപണിയില്‍ ഇപ്പോള്‍ ലഭ്യമാണ്. പന്തളം റൈസ് തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. 18 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ആണ് നമുക്ക് ആവശ്യം. 14 മെട്രിക് ടണ്‍ കൃഷി നമുക്ക് ഉണ്ടായിരുന്നതില്‍ നിന്നും 16 മെട്രിക് ടണ്‍ എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ജീവനി പദ്ധതിയെ നല്ല രീതിയില്‍ മുന്നോട്ടു നയിക്കണമെന്നും എംഎല്‍എ പറഞ്ഞു.