പത്തനംതിട്ട: താലൂക്ക്തല അദാലത്തിലെത്തുന്ന എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കോഴഞ്ചേരി താലൂക്ക്തല  പരാതി പരിഹാര അദാലത്ത് പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദാലത്ത് മാനദണ്ഡങ്ങള്‍ പാലിച്ച് ശാശ്വത പരിഹാരം കാണുവാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രമിക്കണമെന്നും അതിനായി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഊര്‍ജിതമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അദാലത്തില്‍ ജനുവരി മൂന്നു വരെ ലഭിച്ച 97 പരാതികളും പരിഹരിച്ചു. പുതുതായി ലഭിച്ച 93 പരാതികളില്‍ 71 പരാതികള്‍ പരിഹരിച്ചു. 22 പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള അപേക്ഷകള്‍,  സര്‍വെ സംബന്ധിച്ച പരാതികള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാട്യൂട്ടറി  പരിഹാരം ലഭിക്കേണ്ട  പരാതികള്‍ എന്നിവ ഒഴിച്ചുളളവയാണ് അദാലത്തില്‍ പരിഗണിക്കുന്നത്.
ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടൂര്‍ ആര്‍ഡിഒ:പി.ടി എബ്രഹാം,എഡിഎം: അലക്‌സ് പി തോമസ്, കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ഓമനക്കുട്ടന്‍, എല്‍.ആര്‍ തഹസില്‍ദാര്‍ വി.എസ് വിജയന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സി.ഗംഗാധരന്‍ തമ്പി, കെ.ജയദീപ്, സാം പി തോമസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.