തിരുവനന്തപുരം എയർപോർട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി. പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി റോഡ് ഇംപ്രൂമെന്റ് ഫണ്ടിൽ നിന്നാണ് ഈ തുക കണ്ടെത്തുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന തിരുവനന്തപുരം റോഡ് ഡവലപ്പ്‌മെന്റ് കമ്പനി (ടി.ആർ.ഡി.എൽ) യോഗത്തിലാണ് തീരുമാനം.

വാർഷിക അറ്റകുറ്റ പണികൾക്ക് രണ്ട് മുതൽ രണ്ടരകോടി രൂപവരെയാണ് ചിലവ് കണക്കാക്കുന്നത്. ഈ തുക സ്‌പോൺസർമാർ വഴിയും പരസ്യങ്ങൾ വഴിയും കണ്ടെത്തും.
ശംഖുമുഖം ഭാഗത്ത് തകർന്ന ഭാഗം ശരിയാക്കാൻ അഞ്ചുകോടിരൂപയുടെ ടെണ്ടർ ക്ഷണിച്ചുകഴിഞ്ഞു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഫെബ്രുവരി മാസം തുടങ്ങും.

യോഗത്തിൽ പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ. സിങ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ തുടങ്ങിയവർ പങ്കെടുത്തു.