കൊല്ലം: സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ആശ്രാമം പ്രദേശത്തെ അഡ്വഞ്ചര്‍ പാര്‍ക്കിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എം മുകേഷ് എം എല്‍ എ യും കലക്ടര്‍ ബി അബ്ദുല്‍ നാസറും അറിയിച്ചു. മാലിന്യം നിക്ഷേപിക്കുന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. ദുരന്ത നിവാരണ നിയമപ്രകാരം മാലിന്യം തള്ളുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുമാണ് നിര്‍ദേശം.

പ്രദേശത്തെ റോഡില്‍ രാത്രികാലങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹനങ്ങളെ നിയന്ത്രിക്കും. പാര്‍ക്കിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സുകളുടെ ഉടമസ്ഥതയുള്ള തുറമുഖ വകുപ്പിന് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന്റെ ചുമതല നല്‍കിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണ ക്യാമറകളും മാലിന്യ നിക്ഷേപം തടയുന്നതിനുള്ള ഫെന്‍സിങും സജ്ജമാക്കും. പോലീസിന്റെയും കോര്‍പ്പറേഷന്റെയും സ്‌ക്വാഡുകള്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കും.

പൈതൃക കേന്ദ്രമെന്ന നിലയില്‍ പ്രദേശത്തെ സംരക്ഷിക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് എം എല്‍ എ പറഞ്ഞു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജെ രാജേന്ദ്രന്‍, എ സി പി എ.പ്രതീപ്കുമാര്‍, ജൈവ വൈവിധ്യ ബോര്‍ഡ് പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍ ഡോ ലിന്‍ഡ ജോണ്‍, കോ-ഓര്‍ഡിനേറ്റര്‍ രാഖി മോഹന്‍, ഡി റ്റി പി സി എക്‌സിക്യൂട്ടീവ് ഗീത തുടങ്ങിയവര്‍ സന്നിഹിതരായി.