ഇടുക്കി: ഇളംദേശം ബ്ലോക്കില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫല വൃക്ഷ തൈകളുടെ ഒന്നാം ഘട്ട വിതരണം ആരംഭിച്ചു.1000 കര്‍ഷകര്‍ക്കായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട തൈ വിതരണമാണ് ഉടുമ്പന്നൂര്‍ കൃഷിഭവനില്‍ തുടങ്ങിയത്. 11.5 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കരിമണ്ണൂര്‍, കോടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളിലെ ഗ്രാമസഭാ ലിസ്റ്റ് പ്രകാരമുള്ള ഗുണ ഭോക്താക്കള്‍ക്കാണ് ചൊവ്വാഴ്ച തൈകള്‍ വിതരണം ചെയ്തത്. റമ്പുട്ടാന്‍, മാംഗോസ്റ്റിന്‍, പ്ലാവ്, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിവയുടെ രണ്ട് തൈകള്‍ വീതമാണ് നല്‍കിയത്. വെള്ളിയാമറ്റം, ആലക്കോട്, കുടയത്തുര്‍ പഞ്ചായത്തുകളില്‍ ഫെബ്രുവരി ആറിന് തൈകള്‍ വിതരണം ചെയ്യും.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റ് മര്‍ട്ടില്‍ മാത്യൂ തൈ വിതരണം ഉദ്ഘാടനം ചെയ്തു. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുസജീവ് മുഖ്യ പ്രഭാഷണം നടത്തി. കൃഷി അസി.ഡയറക്ടര്‍ ഡീന അബ്രഹാം പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് തങ്കപ്പന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എന്‍ സീതി, ബ്ലോക്ക് മെമ്പര്‍മാരായ ഗൗരി സുകുമാരന്‍, ജിജി സുരേന്ദ്രന്‍, സാജു മാത്യു, എം.മോനിച്ചന്‍, ബിന്ദു പ്രസന്നന്‍, രാജീവ് ഭാസ്‌കരന്‍ ,ബേസില്‍ ജോണ്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ റിജോ ജോസഫ്, സാനിതാ അലിയാര്‍, ബിന്ദു രവീന്ദ്രന്‍, അജിമോള്‍ ശ്രീധരന്‍, ജോണ്‍സണ്‍ കുര്യന്‍, കൃഷി ഓഫീസര്‍ കെ.ജെ ജെസ്‌നി മോള്‍ എന്നിവര്‍ പ്രസംഗിച്ചു.