പൊതുമരാമത്ത് വകുപ്പിൽ കെ.എച്ച്.ആർ.ഐ യുടെ നേതൃത്വത്തിൽ വിവര സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ‘വെബിനാർ’ പരിശീലന പരിപാടി ആരംഭിക്കുന്നു. പരിശീലകനും പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും സ്ഥലപരിമിതികളില്ലാതെ ലോകത്തിന്റെ ഏതു ഭാഗത്തിൽ നിന്നും തത്സമയ ആശയവിനിമയം നടത്താനാവുമെന്നതാണ് വെബിനാറിന്റെ പ്രത്യേകത. ഇതിലൂടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ജോലി സ്ഥലങ്ങളിൽ നിന്നും വിട്ടു നിൽക്കാതെ തന്നെ പരിശീലന പരിപാടിയിൽ പങ്കെടുക്കാനും ഇന്ത്യയിലും വിദേശത്തുമുള്ള സാങ്കേതിക വിദഗ്ധരുമായി ആശയവിനിമയം നടത്താനും സാധിക്കും.
ഒരേ സമയം 250 പേർക്ക് പരിശീലനം നൽകാൻ പദ്ധതിയിലൂടെ സാധിക്കും. വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇത്തരമൊരു പരിപാടി പൊതുമരാമത്ത് വകുപ്പിൽ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം 17ന് രാവിലെ 11ന് തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും.