തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്നതിനായി തിരുവനന്തപുരം നഗരസഭയും പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചു. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാവരുതെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയാണിത്. നഗരസഭയുടെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചൻ തൈക്കാട് ഗവണ്മെന്റ് എൽ.പി.സ്‌കൂളിലാണ് ആരംഭിച്ചത്.

ഉള്ളൂർ ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റ് റസ്റ്റ് ഹൗസ്,പാറോട്ടുകോണം,കുന്നുകുഴി എന്നിവിടങ്ങളിൽ കമ്മ്യൂണിറ്റി കിച്ചനുകൾ സജ്ജമാക്കി.നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ,എൻജിഒ,സർവീസ് സംഘടനകൾ,കാറ്ററേഴ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കുന്നത്.

വീടുകളിൽ കരുതൽ നിരീക്ഷണത്തിലുള്ളവർക്കും,ലോക്ക്ഡൗൺ കാരണം ഭക്ഷണം ലഭിക്കാതെ ഒറ്റപ്പെട്ട് കഴിയുന്നവർ,ഒറ്റപ്പെട്ട് കഴിയുന്ന പ്രായമായവർ, ഇതരസംസ്ഥാനത്തൊഴിലാളികൾ, നഗരസഭയുടെ ക്വാറന്റൈൻ സെന്ററുകളിൽ കഴിയുന്നവർ,പുത്തരിക്കണ്ടത്ത് താമസിപ്പിച്ചിരിക്കുന്നവർക്കും ആവശ്യമായ ഭക്ഷണം സൗജന്യമായി എത്തിക്കുന്നുണ്ട്.

മൂന്ന് നേരത്തേക്കുള്ള ഭക്ഷണമാണ് കമ്യൂണിറ്റി കിച്ചണിൽ തയാറാക്കുന്നത്.വെള്ളയ്ക്കടവ്,നന്തൻകോട് എന്നിവിടങ്ങളിൽ ഇന്ന് (മാർച്ച് 28) കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തനസജ്ജമാവും.നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനുകളിൽ പാകം ചെയ്യുന്ന ഭക്ഷണം ആവശ്യമുള്ളവർക്ക് നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ ആപ്പിലെ രീ്ശറ 19 എന്ന ലിങ്കിലോwww.covid19tvm.com
എന്ന വെബ് പേജ് വഴി രജിസ്റ്റർ ചെയ്യുകയോ,9496434448,9496434449,9496434450 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കുകയോ ചെയ്യാം.വിതരണസൗകര്യത്തിനായി ഭക്ഷണം ആവശ്യമുള്ള ദിവസത്തിന്റെ തലേദിവസം വിവരം അറിയിക്കണം. വോളന്റിയർ സംഘം ആവശ്യക്കാരുടെ വീടുകളിൽ ഭക്ഷണം എത്തിക്കും.അവശ്യഘട്ടത്തിൽ ജില്ലയിലെ 100 വാർഡുകളിലേക്കും സംവിധാനം ഏർപ്പെടുത്തുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

ജില്ലയിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നിലവിൽ 48 കമ്മ്യൂണിറ്റി കിച്ചനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.ഭക്ഷണം ആവശ്യമുള്ളവർ അതാത് പഞ്ചായത്ത് കമ്മിറ്റി നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണം.വോളന്റിയർ സംഘത്തിന്റെ സഹായത്തോടെ ഭക്ഷണം വീടുകളിൽ എത്തിക്കും.

കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷണം തയാറാക്കുന്നത്.ഉച്ചയ്ക്കുള്ള ഭക്ഷണത്തിന് 20 രൂപയാണ് വില.രാവിലെയും രാത്രിയുമുള്ള ഭക്ഷണത്തിന് മിതമായ നിരക്കാണ്.ട്രാൻസ്‌പോർട്ടേഷൻ ചാർജ് അഞ്ചു രൂപയാണ്.കമ്മ്യൂണിറ്റി കിച്ചനുകളിൽ ഭക്ഷണം തയാറാക്കുന്നതിനായി സിവിൽ സപ്ലൈസിൽ നിന്നും 10 രൂപ 90 പൈസയ്ക്ക് അരിയും സപ്ലൈകോയിൽ നിന്നും കുറഞ്ഞ നിരക്കിൽ മറ്റ് അവശ്യ സാധനങ്ങളും ലഭ്യമാണ്.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ അശരണർക്കും ഇതര സംസ്ഥാനത്തൊഴിലാളികൾക്കും സൗജന്യമായാണ് ഭക്ഷണം നൽകുന്നത്.കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവർത്തനം മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തും.24 മണിക്കൂറും പ്രവർത്തിക്കുന്ന കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചൻ മോണിറ്ററിങ് സെല്ലിൽ ഭക്ഷണം സംബന്ധിച്ച പരാതിയും അഭിപ്രായങ്ങളും അറിയിക്കാം.0471-2447552,9446615509,9447894148എന്നീ നമ്പറുകളിൽ ഇതുമായി ബന്ധപ്പെടാം.