മലപ്പുറം: കോവിഡ് 19 ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡെല്‍ഹിയിലെ നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തില്‍. ഇവരില്‍ രണ്ടുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലും 21 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മാര്‍ച്ച് ഏഴ് മുതല്‍ 10 വരെ നടന്ന പരിപാടിയില്‍ പങ്കെടുത്തവരാണിവര്‍.
മാര്‍ച്ച് 15 മുതല്‍ 18 വരെ നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ ജില്ലയില്‍ നിന്ന് നാലു പേരാണ് പങ്കെടുത്തത്. ഇവര്‍ ഡെല്‍ഹിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വഴിക്കടവ് ചെക്‌പോസ്റ്റ് പരിസരത്ത് ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു

വൈകുന്നേരം അഞ്ച് മുതല്‍ എട്ട് വരെ ചരക്കു വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് മാത്രം ഭക്ഷണം ലഭിക്കും

കോവിഡ് 19 വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ഭക്ഷണ ശാലകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വഴിക്കടവ് ചെക് പോസ്റ്റ് പരിധിയിലുള്ള ഹോട്ടലുകള്‍ക്ക് ചെറിയ ഇളവ് പ്രഖ്യാപിച്ചു. ചരക്കു വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ ചെക് പോസ്റ്റ് പരിധിയിലെ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെയാക്കി.
ഭക്ഷണപൊതികളാണ് ഹോട്ടലുകളില്‍ നിന്നു തൊഴിലാളികള്‍ക്കു ലഭിക്കുക. വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ ചരക്കു വാഹനങ്ങളിലെ തൊഴിലാളികള്‍ക്കു മാത്രമെ ഭക്ഷണം ലഭിക്കൂ. ഈ സമയം ഹോട്ടലുകള്‍ക്കു മുന്നില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചെത്താന്‍ പാടില്ലെന്നും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ വൈകുന്നേരം അഞ്ചു മണി വരെ മാത്രമെ ചെക്‌പോസ്റ്റ് പ്രദേശത്തെ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. അതിനാല്‍ ചരക്കു വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിച്ചിരുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ് സമയം ദീര്‍ഘിപ്പിച്ചത്.