എറണാകുളം: കോവിഡ് 19 വ്യാപനവും അതിന്റെ ഭാഗമായുള്ള ക്വാറന്റീനും എങ്ങനെ കടക്കുമെന്‌ന ആകുലപ്പെടുന്നവര്‍ക്ക് വിജ്ഞാനപ്രദമായ പരിഹാരം നിര്‍ദേശിക്കുകയാണ് അസാപ്പ്. പരമ്പരാഗത ക്ലാസ്‌റൂം സംവിധാനങ്ങള്‍ എന്നു തുടങ്ങാന്‍ സാധിക്കുമെന്ന് ഉറപ്പില്ലാത്ത കാലത്ത് മോഡേണ്‍ ആവാനാണ് അസാപ്പിന്റെ ആഹ്വാനം.

കോവിഡ് വ്യാപനത്തോടു കൂടി അപ്രതീക്ഷിതമായി വീണു കിട്ടിയ അവസരം തൊഴില്‍മേഖലകളെക്കുറിച്ച് അറിയുന്നതിനും, തങ്ങളുടെ അഭിരുചിക്കിണങ്ങിയ നവയുഗ സാങ്കേതികവിദ്യകളില്‍ ഹ്രസ്വകാല പരിശീലന കോഴ്‌സുകളില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നതിനും ഉള്ള സാധ്യതയാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ് ) ഒരുക്കുന്നത്.

സയന്‍സ്, കോമേഴ്‌സ്, ആര്‍ട്‌സ്, എഞ്ചിനീയറിംഗ് തുടങ്ങി 7 വിഭാഗങ്ങളായിത്തിരിച്ച് ഓരോ വിഭാഗത്തിനും ലളിതമായി സ്വായത്തമാക്കാവുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളാണ് അസാപ് ഒരുക്കിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല ബിരുദ ബിരുദാനന്തര ഡിഗ്രീകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാനായി വിവിധ കോഴ്‌സുകളും അസാപ് ഓണ്‍ലെനായി നല്‍കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുയോജ്യമായതും വ്യവസായലോകത്ത് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നതുമായ വിവിധ മേഖലകളിലെ സാധ്യതകളെ സംബന്ധിച്ച് അതാത് മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ അസാപിന്റെ ഓണ്‍ലൈന്‍ വെബിനാര്‍ പ്ലാറ്റ്‌ഫോമിലൂടെ ഉദ്യോഗാര്‍ത്ഥികളുമായി സംവദിക്കും.

എല്ലാദിവസവും രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 4 മണിക്കും വിവിധ വിഷയങ്ങളില്‍ വെബിനാര്‍ നടത്തുന്നത്. മാര്‍ച്ച് 31ന് ആരംഭിച്ച വെബിനാര്‍ പരമ്പരയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ഇതോടൊപ്പം സൗജന്യമായി വിവിധ വിഷയങ്ങളില്‍ ഹ്രസ്വകാല കോഴ്‌സുകളും ലഭ്യമാക്കുന്നുണ്ട്. www.asapkerala.gov.in / www.skillparkkerala.in എന്നീ വെബ്സൈറ്റുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഫോണ്‍ 9495999662