ആലപ്പുഴ: കോവിഡ് 19ന്റെ ഭാഗമായുള്ള പ്രതിരോധ- ജാഗ്രത പ്രവര്‍ത്തനങ്ങള്‍ മാവേലിക്കര നിയോജക മണ്ഡലത്തില്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ആര്‍. രാജേഷ് എം.എല്‍.എ. അറിയിച്ചു. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്.

പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. എം.എല്‍.എ. നേരിട്ടെത്തി എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്.

നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലും ജില്ലാ ആശുപത്രിയിലുമടക്കം 210 ഐസൊലേഷന്‍ ബെഡ്ഡുകള്‍ മണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. ആവശ്യമെങ്കില്‍ 1096 ഐസൊലേഷന്‍ ബെഡ്ഡുകള്‍ സ്ഥാപിക്കാനായി മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, ഓഡിറ്റോറിയങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവ കണ്ടുവെച്ചിട്ടുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും മാവേലിക്കരയില്‍ ഒരുക്കിയിട്ടുണ്ട്. മാവേലിക്കര ജില്ല ആശുപത്രിയില്‍ മൂന്ന് സ്ഥിരം ഡോക്ടര്‍മാര്‍, ഒരു അഡ്‌ഹോക് ഡോക്ടര്‍, രണ്ട് എന്‍.എച്.എം. ഡോക്ടര്‍ എന്നിവരെ പുതുതായി നിയമിച്ചു.

ചുനക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഒന്ന് വീതം എന്‍.എച്.എം. ഡോക്ടര്‍, അഡ്‌ഹോക് ഡോക്ടര്‍, എന്നിവരേയും വള്ളികുന്നം, പാലമേല്‍ നൂറനാട്, തഴക്കര പ്രാധമികാരോഗ്യ കേന്ദ്രങ്ങളില്‍ ഓരോ അഡ്ഹോക് ഡോക്ടര്‍മാരെയും അധികമായി നിയമിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. വിവിധ വകുപ്പുകളെ കോര്‍ത്തിണക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.