അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവാത്മകമായ ആവിഷ്‌കാരങ്ങളോടെ കഥാപാത്രങ്ങളെ മനസ്സിൽ പതിപ്പിക്കുന്നതിന് അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. നാടക കലയ്ക്കും ചലച്ചിത്ര-സീരിയൽ കലകൾക്കും ഒരു പോലെ നഷ്ടമാണ് രവി വള്ളത്തോളിന്റെ നിര്യാണമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നടൻ രവി വള്ളത്തോളിന്റെ നിര്യാണത്തിൽ മന്ത്രി എ.കെ ബാലൻ അനുശോചിച്ചു
സിനിമാ-സീരിയൽ നടൻ രവി വള്ളത്തോളിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ അറിയിച്ചു. 46 സിനിമകളിലും നൂറിലധികം സീരിയലുകളിലും അഭിനയിച്ച അദ്ദേഹം സംപ്രേഷണ, പ്രക്ഷേപണ കലകളിലും മികവ് തെളിയിച്ചു. സ്വാതിതിരുനാൾ എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തിയത്. അടൂർ, ടി.വി ചന്ദ്രൻ, എം.പി സുകുമാരൻ നായർ എന്നിവരുടെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ദൂരദർശനിലെ വൈതരണി എന്ന സീരിയലിൽ തുടങ്ങി പ്രേക്ഷക ശ്രദ്ധ നേടിയ നിരവധി സീരിയലുകളിൽ അഭിനയിച്ചു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. പ്രശസ്ത നാടകകത്തും പ്രക്ഷേപകനുമായിരുന്ന ടി.എൻ. ഗോപിനാഥൻ നായരുടെയും വള്ളത്തോളിന്റെ മരുമകൾ മിനിയുടെയും മകനായ അദ്ദേഹം മഹത്തായ ആ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിച്ചു. നിരവധി സാഹിത്യ സൃഷ്ടികളും അദ്ദേഹത്തിന്റേതായുണ്ട്. സാംസ്‌കാരിക രംഗത്തെ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.