ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പാലക്കാട് പ്രസ് ക്ലബും സംയുക്തമായി നഗരസഭ ടൗണ്‍ ഹാള്‍ അനക്‌സില്‍ രണ്ടു ദിവസമായി നടത്തിയ പഴയകാല ദിനപത്രങ്ങളുടെ പ്രദര്‍ശനം സമാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ റഷീദിന്റെ ശേഖരത്തിലൂടെ 2000 ത്തിലധികം പത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്തവയാണ് പ്രദര്‍ശിപ്പിച്ചത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ മുതലുള്ള വാര്‍ത്തകളടങ്ങിയ പത്രങ്ങള്‍, ദേശീയ സംസ്ഥാന നേതാക്കള്‍, സിനിമാതാരങ്ങള്‍, മറ്റ് പ്രമുഖര്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ആദ്യ ബഹിരാകാശ സഞ്ചാരം തുടങ്ങി ഇന്ത്യയിലെ കഴിഞ്ഞ 77 വര്‍ഷത്തെ പ്രധാനപ്പെട്ട സംഭവങ്ങള്‍ എന്നിവയുടെ പത്ര വാര്‍ത്തകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.
അച്ചടി, രൂപകല്പന(ലേഔട്ട്), ഭാഷാ ശൈലി എന്നിവയ്ക്ക് ഓരോ കാലഘട്ടത്തിലുമുണ്ടായ മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനായി നിരവധി മാധ്യമ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും, പൊതുജനങ്ങളും പ്രദര്‍ശനം കാണാനെത്തി.