ജലജീവൻ പദ്ധതി

കേന്ദ്രസർക്കാരുമായി ചേർന്ന് നടപ്പാക്കുന്ന ജലജീവൻ പദ്ധതി 2024ൽ പൂർത്തിയാക്കും. ഉദ്ദേശം 22,720 കോടി രൂപയാണ് ഇതിന് മൊത്തം ചെലവ്. പദ്ധതിക്ക് ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രവും സംസ്ഥാനവും തുല്യമായി തുക വകയിരുത്തുന്ന പദ്ധതിയിൽ എല്ലാ ഗ്രാമ വീടുകളിലും വെള്ളമെത്തിക്കാൻ 52.85 ലക്ഷം കണക്ഷൻ നൽകേണ്ടി വരും.

ഗ്രാമപ്രദേശങ്ങളിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതാണ് ജലജീവൻ മിഷൻ പദ്ധതി. 2020-21 സാമ്പത്തിക വർഷത്തേക്ക് 880 കോടി രൂപയുടെ പദ്ധതി അടങ്കലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഗ്രാമപഞ്ചായത്തുകൾക്കായിരിക്കും പദ്ധതി നടത്തിപ്പിന് പ്രധാന ചുമതല.

ഒന്നിലധികം പഞ്ചായത്തുകൾ ഉൾപ്പെടുന്ന പദ്ധതി ആണെങ്കിൽ ഏകോപനത്തിനായി വിവിധ ഗ്രാമ പഞ്ചായത്തുകൾ / ബ്ലോക്ക് പഞ്ചായത്തുകൾ / ജില്ലാ പഞ്ചായത്തുകൾ എന്നിവയിലെ അംഗങ്ങളെ ഉൾപ്പെടുത്തി കോഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കും. പഞ്ചായത്ത്തല / ജില്ലാതല സംവിധാനത്തിൽ ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ ഉൾപ്പെടുത്തും.

ട്രോളിങ് നിരോധനം

കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 9 അർദ്ധ രാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തും.

സംസ്ഥാനത്തെ അജൈവ ഖര മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് കിൻഫ്രയുടെ കൈവശമുള്ള ഭൂമിയിൽ സാനിട്ടറി ലാൻഡ്ഫിൽ നിർമിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു. പരിസ്ഥിതി വകുപ്പിന്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും അനുമതി.

എറണാകുളം പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കുന്നതിന് ഫാക്ടിൽ നിന്നും വാങ്ങിയതും കിൻഫ്രയുടെ കൈവശമുള്ളതുമായ 25 ഏക്കർ സ്ഥലത്ത് സാനിട്ടറി ലാൻഡ്ഫിൽ നിർമിക്കും.

കോവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജുകളിലെ വൈദ്യുതിവിഭാഗം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. പൊതുമരാമത്ത് വൈദ്യുതി വിഭാഗത്തിൽ പുതുതായി ആരംഭിച്ച പാരിപ്പള്ളി മെഡിക്കൽ കോളേജ്, കളമശ്ശേരി മെഡിക്കൽ കോളേജ്, പാലക്കാട് മെഡിക്കൽ കോളേജ്, മഞ്ചേരി മെഡിക്കൽ കോളേജ് എന്നീ ഓഫീസുകളുടെയും തളിപ്പറമ്പ്, കാഞ്ഞങ്ങാട്, ആറ്റിങ്ങൽ എന്നീ സെക്ഷൻ ഓഫീസുകളുടെയും പ്രവർത്തനത്തിന് 43 ലൈൻമാൻ തസ്തികകൾ താൽക്കാലികമായി സൃഷ്ടിക്കാൻ തീരുമാനിച്ചു.

ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജുകളിൽ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൽ നിഷ്‌കർഷിച്ച തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിന് അസോസിയേറ്റ് പ്രൊഫസറുടെ 4 തസ്തികകളും അസിസ്റ്റന്റ് പ്രൊഫസറുടെ 1 തസ്തികയും സൃഷ്ടിക്കും.

കരിയാറിൽ വഞ്ചി മുങ്ങി മരണമടഞ്ഞ മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ സജി മെഗാസിന്റെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു.

ദേശീയപാതാ വികസനം

ദേശീയപാത 45 മീറ്റർ വീതിയിൽ നാലുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തി നല്ല നിലയിൽ പുരോഗമിക്കുകയാണ്. പ്രവൃത്തിയുടെ പുരോഗതി ഇന്ന് വിലയിരുത്തി.

സംസ്ഥാനത്ത് ആകെ 1782 കി.മീറ്ററിലാണ് ദേശീയപാതയുള്ളത്. ഏകദേശം 40,000 കോടി രൂപ പദ്ധതിക്ക് ചെലവു വരുമെന്നാണ് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) കണക്കാക്കിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കലാണ് ഈ പദ്ധതിക്ക് വലിയ തടസ്സമായിരുന്നത്. ഭൂമി ഏറ്റെടുക്കൽ നല്ല വേഗത്തിലാക്കാൻ സംസ്ഥാനത്തിന്റെ ഇടപെടൽ കൊണ്ട് കഴിഞ്ഞിട്ടുണ്ട്.

സ്ഥലം ഏറ്റെടുക്കാൻ വേണ്ടിവരുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിബന്ധന കേന്ദ്രം കൊണ്ടുവന്നിരുന്നു. കേരളത്തിന്റെ വികസനത്തിന് പദ്ധതി അത്യന്താപേക്ഷിതമായതിനാൽ ഈ വ്യവസ്ഥ അംഗീകരിച്ചുകൊണ്ട് 25 ശതമാനം സർക്കാർ നൽകുകയാണ്. കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭ്യമാക്കി ഈ ആവശ്യം നിറവേറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. 358 കോടി രൂപ കിഫ്ബിയിൽ നിന്ന് ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.

മുക്കോലയിൽ നിന്ന് തമിഴ്‌നാട് അതിർത്തി വരെയുള്ള തിരുവനന്തപുരം ബൈപ്പാസ് ഈ വർഷം സെപ്തംബറിൽ തീരും. 83 ശതമാനം പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. വടക്കാഞ്ചേരി-തൃശൂർ പാതയുടെ പ്രവൃത്തി 84 ശതമാനം തീർന്നു. ഈ വർഷം ഡിസംബറിൽ പൂർത്തിയാകും. നീലേശ്വരം ടൗണിനടുത്ത് നാലുവരി റെയിൽ ഓവർബ്രിഡ്ജിന്റെ പ്രവൃത്തി നല്ല നിലയിൽ മുന്നോട്ടുപോകുന്നു. 2021 ഫെബ്രുവരിയിൽ അതു പൂർത്തിയാകും. കഴക്കൂട്ടം-ടെക്‌നോപാർക്ക് എലിവേറ്റഡ് ഹൈവേ 2021 ഏപ്രിലിൽ തീരും. തലശ്ശേരി-മാഹി ബൈപ്പാസ് 2021 മെയിൽ പൂർത്തിയാകും. 51 ശതമാനം പ്രവൃത്തി തീർന്നിട്ടുണ്ട്. 884 കോടി രൂപയാണ് ഈ ബൈപ്പാസിന്റെ ചെലവ്.

തലപ്പാടി-ചെങ്ങള (39 കി. മീറ്റർ), ചെങ്ങള-നീലേശ്വരം (37 കി.മീറ്റർ) എന്നീ പാതകളുടെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചു. അടുത്ത മാസം പ്രവൃത്തി കരാറുകാരെ ഏൽപിക്കും. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും പാതയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ നല്ല നിലയിൽ പുരോഗമിക്കുന്നുണ്ട്. സ്ഥലമെടുപ്പ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കൂടുതൽ സ്റ്റാഫിനെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ദേശീയപാത സ്ഥലമെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് മറ്റു ചുമതലകൾ നൽകുന്നത് ഒഴിവാക്കും.

ദുരിതാശ്വാസം

ബെഫി 71,73,000 രൂപ, (ആകെ നേരത്തേ നൽകിയതടക്കം 4 കോടി 7 ലക്ഷത്തി ഇരുപത്തി മൂവായിരം രൂപ)

കേരഫെഡ് 63,72,826 രൂപ

പുതുപ്പാടി ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ

കെക്‌സ്‌കോൺ (കേരള സ്റ്റേറ്റ് എക്‌സ് സർവ്വീസ്‌മെൻ ഡെവലപ്‌മെന്റ് ആൻഡ് റിഹാബിലിറ്റേഷൻ കോർപ്പറേഷൻ) 25 ലക്ഷം രൂപ

പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് 25 ലക്ഷം

ഉറങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് 25 ലക്ഷം

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ 10 ലക്ഷം രൂപ

പള്ളിച്ചാൽ ഫാർമേഴ്‌സ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 10 ലക്ഷം രൂപ

സംസ്ഥാന ഫാർമസി കൗൺസിൽ 10 ലക്ഷം

പഴവങ്ങാടി മഹാഗണപതി ക്ഷേത്രം ഉപദേശക സമിതി 10 ലക്ഷം രൂപ

ആലപ്പുഴയിലെ ഫോം മാറ്റിംഗ്‌സ് ഇന്ത്യാ ലിമിറ്റഡ് 6,28,327 രൂപ

എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയിലെ ജീവനക്കാർ 6 ലക്ഷം

പൗരാണിക വേദപാഠശാലയായ തൃശൂർ തെക്കേമഠം 50,000 രൂപ