സംസ്ഥാന വനംവകുപ്പ് വികസിപ്പിച്ചെടുത്ത കയർ റൂട്ട് ട്രെയിനർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിർവഹിച്ചു. നിലമ്പൂർ വനം ഡിവിഷൻ ഓഫീസിൽ നഗര വനത്തിനായി ഒരുക്കിയ അഞ്ച് സെന്റ് സ്ഥലത്ത് നെല്ലി നട്ടുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്.

വനങ്ങളുടെ ചെറുമാതൃകകൾ നഗരങ്ങളിൽ പുനസൃഷ്ടിക്കുന്ന നഗരവനം പദ്ധതിയുടെ ഉദ്ഘാടനവും കേരള വനം കായിക മേള സ്മരണിക പ്രകാശനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. പരിപാടിയിൽ പി.വി അൻവർ എം.എൽ.എ അധ്യക്ഷനായി. പി.വി അബ്ദുൽ വഹാബ് എം.പി മുഖ്യാതിഥിയായി.

മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനിൽപ്പാണ് വനസംരക്ഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിനായി നിരവധി പദ്ധതികൾ സർക്കാർ രൂപവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അടച്ചുപൂട്ടിയ നിലമ്പൂർ വുഡ് ഇൻഡസ്ട്രീസ് ഹാളും കെട്ടിടവും ടൂറിസവുമായി ബന്ധപ്പെടുത്തി പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. വേദിയിൽ പി.വി അൻവർ എം.എൽ.എ ആവശ്യപ്പെട്ട കുടുംബവനം പദ്ധതിക്ക് മന്ത്രി അനുമതി നൽകി. ഇതിനായി വനംവകുപ്പിൽ നിന്ന് സൗജന്യമായി തൈകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഓരോ വർഷവും കോടിക്കണക്കിന് തൈകളാണ് വിതരണം ചെയ്യുന്നത്. ഇതിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനാണ് ചകിരിച്ചോറിൽ നിന്ന് പരിസ്ഥിതി സൗഹൃദമായ തൈക്കൂടകൾ നിർമിച്ചത്.

മരം വളരുന്നതിനൊപ്പം തൈക്കൂടകൾ മണ്ണിൽ ലയിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും മന്ത്രി വിശദീകരിച്ചു. കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലം ലഭ്യമായാൽ നഗരമധ്യത്തിൽ പോലും വനത്തിന്റെ എല്ലാ സവിശേഷതകളോടെയും കൂടിയ നഗരവനങ്ങൾ ഒരുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കയർക്കൂട നിർമാണത്തിൽ പ്രത്യേക പങ്ക് വഹിച്ച മുൻ കിഴക്കൻ മേഖലാ വനമേധാവി ഷേയ്ഖ് ഹൈദർ ഹുസൈൻ ഐ.എഫ്.എസിനെ മൊമന്റോ നൽകി ആദരിച്ചു. പരിപാടിയിൽ നിലമ്പൂർ നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, കൗൺസിലർ പി.ഗോപാലകൃഷ്ണൻ, വനം-വന്യജീവി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) സുരേന്ദ്രകുമാർ, പാലക്കാട് ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി പ്രമോദ്, പാലക്കാട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്(വൈൽഡ് ലൈഫ്) കെ.വിജയാനന്ദൻ, നിലമ്പൂർ നോർത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ വർക്കഡ് യോഗേഷ് നീലകണ്ഠ,് സൗത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ സജികുമാർ തുടങ്ങിയവർ പങ്കെടുത്തു.