കെ.ആർ.ഡബ്ല്യു.എസ്.എ സഹായത്തോടെ മഴവെള്ള സംഭരണ സംവിധാനങ്ങൾ നിർമിക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് അപേക്ഷ സമർപ്പിക്കാം.  കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയുടെ ഭാഗമായ ‘മഴകേന്ദ്രം‘ സംസ്ഥാന സർക്കാരിന്റെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘മഴവെള്ള സംഭരണം ഭൂജല പരിപോഷണം’ പരിപാടിയിലൂടെ പ്രവൃത്തികൾ ഗുണഭോക്തൃവിഹിതം സമാഹരിച്ച് പങ്കാളിത്താധിഷ്ടിത മാതൃകയിൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
വ്യക്തിഗത കുടുംബങ്ങൾക്ക് 10000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണികളുടെ നിർമ്മാണം, കിണർ റീചാർജിങും അറ്റകുറ്റപ്പണികളും നടത്തി ശുചിയായും സുരക്ഷിതവുമാക്കുന്ന പദ്ധതി, പട്ടികവർഗ/ പട്ടികജാതി/ പിന്നാക്ക കോളനികളിൽ പൊതുവായ മഴവെള്ള സംഭരണികളുടെ നിർമ്മാണം എന്നീ പ്രവൃത്തികൾ ഇതിൽ ഉൾപ്പെടും.
പദ്ധതിയുടെ ആനുകൂല്യത്തിനായി കുടുവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഗ്രാമപഞ്ചായത്തുകളെ പ്രത്യേകിച്ചും മലയോര, തീരദേശ ഗ്രാമപഞ്ചായത്തുകൾക്ക് മുൻഗണന നൽകും.  പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ താല്പര്യമുള്ള ഗ്രാമപഞ്ചായത്തുകൾ അപേക്ഷയോടൊപ്പം ഭരണസമിതി തീരുമാനവും സമർപ്പിക്കണം.  എക്‌സിക്യൂട്ടീവ് ഡയറക്ടർ, കെ.ആർ.ഡബ്ല്യു.എസ്.എ, മഴകേന്ദ്രം, പി.ടി.സി ടവർ, മൂന്നാം നില, എസ്.എസ്. കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം 1 എന്ന വിലാസത്തിലോ rwhcentre@gmail.com ലോ അയക്കണം.  അവസാന തിയതി: ജൂലൈ 21.  കൂടുതൽ വിവരങ്ങൾക്ക്: 0471-2320848, 2337003.