തൃശ്ശൂർ: വെള്ളപ്പൊക്കഭീഷണിയിൽ കഴിയുന്ന ജില്ലയിലെ ആലപ്പാട് – പുള്ള് നിവാസികൾക്ക് ആശ്വാസമായി ഫൈബർ ബോട്ടുകൾ. 2018ലെ പ്രളയത്തിൽ 75 ശതമാനം കരഭാഗവും വെള്ളത്തിൽ മുങ്ങിയ പ്രദേശമാണ് ഇത്. ആലപ്പാട് – പുള്ള് സർവീസ് സഹകരണ ബാങ്കാണ് അന്താരാഷ്ട്ര സഹകരണ ദിനത്തിൽ സ്വന്തം ഗ്രാമവാസികൾക്കായി ഫൈബർ ബോട്ടുകൾ നൽകിയത്. 2018ലെ മഹാപ്രളയത്തിൽ ഈ പ്രദേശം പൂർണ്ണമായും ഒറ്റപ്പെടുകയും 75 ശതമാനത്തിലധികം കരഭാഗം വെള്ളത്തിൽ മുങ്ങുകയും ചെയ്തിരുന്നു.

2019 ലെ പ്രളയത്തിലും വെള്ളം കയറി നൂറ്റമ്പതിലധികം വീട്ടുകാർക്കാണ് ക്യാമ്പുകളിൽ കഴിയേണ്ടി വന്നത്. ഒറ്റപ്പെട്ട തുരുത്തുകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ഇവിടെ നിരവധിയാണ്. കഴിഞ്ഞ പ്രളയകാലത്ത് ഇവരെ സുരക്ഷിത ഇടങ്ങളിലെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് വള്ളങ്ങളുടെ അപര്യാപ്തത നേരിട്ടിരുന്നു. ഇത് മുന്നിൽ കണ്ടാണ് ബാങ്ക് ഫൈബർ ബോട്ടുകൾ ഒരുക്കിയത്.

പുള്ള് പാലത്തിന് സമീപം നടന്ന ചടങ്ങിൽ ഗീതഗോപി എം.എൽ.എ ബോട്ടുകൾ നാടിന് സമർപ്പിച്ചു. ബാങ്ക് പ്രസിഡന്റ് കെ.വി.ഹരിലാൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.സി ഉദയപ്രകാശ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ശ്രീദേവി എന്നിവർ പങ്കെടുത്തു.