വ്യവസായ-കാര്‍ഷിക മേഖലയില്‍ ജപ്പാന്‍ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. ഇ-മൊബലിറ്റി രംഗത്ത് ജപ്പാന്റെ സഹായത്തോടുകൂടി കൂടുതല്‍ ഇല്ക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും. പുതിയ പദ്ധതികള്‍ കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം ശക്തമാക്കും.  കൊവിഡിന് ശേഷമുള്ള പുതിയ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാനുള്ള  അവസരങ്ങള്‍ കേരളത്തിലുണ്ട്. നിക്ഷേപകര്‍ക്ക് വലിയ അവസരമാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജപ്പാനിലെ ലോക മലയാളി ഫെഡറേഷന്‍ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കായിരന്നു മന്ത്രി.

മത്സ്യ സംസ്‌കരണത്തില്‍ ജപ്പാന്‍ കൈവരിച്ച പുരോഗതി മാതൃകാപരമാണ്. ഇക്കാര്യത്തില്‍ കേരളത്തിന് ഏറെ പഠിക്കാനുണ്ട്. ചെറുകിട ഇടത്തരം വ്യവസായങ്ങളിലും സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നൂതന സംരംഭങ്ങളിലും ജപ്പാനെ മാതൃകയാക്കാന്‍ നമുക്ക് കഴിയും. സംസ്ഥാനത്തിന്റെ വികസനപ്രക്രിയയില്‍ പങ്കാളികളാകുന്നതിന് പ്രവാസികള്‍ക്ക് മികച്ച അന്തരീക്ഷം ഒരുങ്ങുകയാണെന്നും അതിനനുസരിച്ച ക്രിയാത്മകമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നത് പ്രവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ്. ഗവണ്‍മെന്റ് സെക്യൂരിറ്റി അടക്കം ഉറപ്പുനല്‍കി ധനസമാഹരണം നടത്തുന്ന പദ്ധതികളാണ് ഗവണ്‍മെന്റ് മുന്നോട്ടുവെക്കുന്നത്. മടങ്ങിവരുന്നവര്‍ക്ക് ശോഭനമായ ഭാവി കണ്ടെത്തുന്നതിന് സഹായിക്കുകയാണ് വ്യവസായ വകുപ്പ്. അതിനാണ് പ്രവാസി വിവരശേഖരണ പോര്‍ട്ടല്‍ തയ്യാറാക്കിയത്. ഒപ്പം നോര്‍ക്ക വഴി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തുന്നു. വരുന്ന കുറേ തലമുറയ്ക്ക് ശേഷം ഉപയോഗപ്പെടുത്താനല്ല  മറിച്ച് നമ്മുടെ കാലത്ത് തന്നെ നവകേരളം സാധ്യാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ പലവന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും ജപ്പാന്‍ സഹായം ചെയ്യുന്നുണ്ട്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്ക് 1963 മുതല്‍ ജപ്പാന്‍ കമ്പനിയായ ഹിറ്റാച്ചിയുമായി സഹകരിച്ചിരുന്നു. നിസാന്‍, ഫ്രാസ്‌കോ പോലുള്ള വന്‍കിട കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കേരളം നിക്ഷേപങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും അനുയോജ്യമാണെന്ന് ജപ്പാന്‍ അംബാസിഡര്‍ വ്യക്തമാക്കിയരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ആഗോള ബാറ്ററി നിര്‍മ്മാണ കമ്പനിയായ തോഷിബയുടെ പ്രതിനിധികള്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സും (കെഎഎല്‍) കേരളാ ഇലക്ട്രിക്കല്‍ അലൈഡ് എഞ്ചിനിയറിങ്ങ് കമ്പനിയും (കെല്‍)സന്ദര്‍ശിച്ചിരുന്നു. തോഷിബയുമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി നിര്‍മ്മാണത്തിന് അന്ന് താല്‍പര്യപത്രവും ഒപ്പിട്ടു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരടങ്ങുന്ന സംഘം ജപ്പാനില്‍ സന്ദര്‍ശനം നടത്തുകയും കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ ജപ്പാന്‍ സംഘത്തെ ക്ഷണിക്കുകയു ചെയ്തിരുന്നു.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജപ്പാന്‍ ഘടകം സംഘടിപ്പിക്കുന്ന മലയാളം മിഷന്റെ ഓണ്‍ലൈന്‍ മലയാള ക്ലാസും വിഡിയോ കോണ്‍ഫറനസിലൂടെ മന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഭാവി വികസനത്തില്‍ ജപ്പാനിലെ പ്രവാസികളില്‍ നിന്നും നിരവധി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു.