ഉദ്‌ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു

ആലപ്പുഴ: കടലാക്രമണത്തിന്റെയും കോവിഡ് 19ന്റെയും പശ്ചാത്തലത്തിൽ തീരദേശ മേഖലയില്‍ താമസിക്കുന്ന മത്സ്യതൊഴിലാളുകളുടെ ബുദ്ധിമുട്ട് പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റിന്റെ അമ്പലപ്പുഴ താലൂക്കിലെ വിതരണോദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു.

സംസ്ഥാനത്തു കടലാക്രമണം നേരിട്ടതിൽ കൂടുതൽ മത്സ്യത്തൊഴിലാളികളും ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലും തിരുവനന്തപുരത്തെ നെയ്യാറ്റിൻകരയിൽ പെട്ടവരുമാണ്. ഇവർക്ക് ആശ്വാസം നല്കുന്നതിന് ജൂലൈ മാസത്തിൽ ചീഫ് സെക്രട്ടറിക്കൂ കിറ്റ് നൽകുന്നതിന് കത്ത് നൽകുകയും ദുരിതം അനുഭവിക്കുന്ന മുഴുവൻ മത്സ്യതൊഴിലാളികൾക്കും കിറ്റ് വിതരണം നടത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

അമ്പലപ്പുഴ മണ്ഡലത്തിലെ 10864 കുടുംബങ്ങൾക്കാണ് കിറ്റ് നൽകുന്നത്. നിലവിൽ നല്‍കിവരുന്ന സൗജന്യ റേഷൻ, സൗജന്യ ഓണകിറ്റ് എന്നിവയ്ക്ക് പുറമെയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പശ്ചാത്തലത്തില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയിലെ തീരദേശ താലൂക്കുകളായ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്കാണ് സൗജന്യമായി കിറ്റുകള്‍ നല്‍കുന്നത്. 18,256 കിറ്റുകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. . ഫിഷറീസ് വകുപ്പ് നല്‍കിയ കണക്ക് പ്രകാരമാണ് കിറ്റുകളുടെ വിതരണം. കടല, പഞ്ചസാര, സണ്‍ഫ്‌ളവര്‍ ഓയില്‍, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, തുവരപ്പരിപ്പ്, തെയില, ആട്ട,സോപ്പ്, മാസ്‌ക്, ഉപ്പ് തുടങ്ങി പന്ത്രണ്ടു ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസർ മനോജ്‌ കുമാർ, ഫിഷറീസ് ഡി ഡി രമേശ്‌ ശശിധർ എന്നിവർ സന്നിഹിതരായി. സപ്ലൈകോ വഴി കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം.