എട്ടു മാസത്തിലേറെയായി മുണ്ടയ്ക്കല്‍  അഗതി മന്ദിരത്തില്‍ കഴിഞ്ഞിരുന്ന ആസാമിലെ ലക്കിംപൂര്‍ സ്വദേശിയായ പവിത്ര ബോറ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ വര്‍ഷം മെയ് 18നാണ് 56 കാരനായ പവിത്ര ബോറയെ അഗതി മന്ദിരത്തിലെത്തിച്ചത്.
തിരിച്ചറിയല്‍ രേഖകള്‍ നഷ്ടമായതിനാല്‍ ഇദ്ദേഹം പറഞ്ഞ വിവരങ്ങളുടെ   അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് മുഖേന നടത്തിയ തിരച്ചിലിനൊടുവിലാണ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. നാട്ടില്‍ ഇദ്ദേഹത്തിന് ഭാര്യയും  രണ്ടു മക്കളുമുണ്ട്. പാരാലീഗല്‍ സര്‍വീസ് വോളണ്ടിയര്‍ സാജിതാ ബീവിയുടെ നേതൃത്വത്തിലാണ് തിരിച്ചയക്കുന്നതിന് നടപടി സ്വീകരിച്ചത്.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സുധാകാന്തിന്റെ അനുമതി    ലഭിച്ചതിനെത്തുടര്‍ന്ന് യാത്രാ ടിക്കറ്റ് ഉള്‍പ്പെടെ നല്‍കി സന്നദ്ധപ്രവര്‍ത്തകനായ    സജീവിനൊപ്പം ആസാമിലേക്ക് അയയ്ക്കുകയായിരുന്നു.
യാത്രയയ്പ്പ് ചടങ്ങില്‍ അഗതി മന്ദിരം സെക്രട്ടറി ഡോ. ശ്രീകുമാര്‍, സൂപ്രണ്ട് കെ. വത്സലന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.