മെഡിക്കല്‍ കോളേജില്‍ 33 കോടിയുടെ എമര്‍ജന്‍സി കെയര്‍ & ട്രോമകെയര്‍

ആര്‍സിസിയില്‍ ഒരു കോടിയുടെ നൂതന കാഷ്വാലിറ്റി സര്‍വീസ് കേന്ദ്രം

ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നു


തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഏറ്റവും അധികം ശ്രദ്ധാകേന്ദ്രമായ രണ്ട് അത്യാഹിത വിഭാഗങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. തിരുവനന്തപുരത്തേയും സമീപ ജില്ലകളിലേയും കന്യാകുമാരിയിലേയും ജനങ്ങളുടെ അവസാന ആശ്രയ കേന്ദ്രമായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേയും കേരളത്തിലേയും തമിഴ്‌നാടിന്റെ അതിര്‍ത്തി ജില്ലകളിലേയും ജനങ്ങളുടെ അഭയകേന്ദ്രമായ റീജിയണല്‍ കാന്‍സര്‍ സെന്ററിന്റേയും നൂതന അത്യാഹിത വിഭാഗങ്ങളാണ് പ്രവര്‍ത്തനസജ്ജമാകുന്നത്. രണ്ട് അത്യാഹിത വിഭാഗങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിക്കുന്നത്. മെഡിക്കല്‍ കോളേജിന്റെ അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്കും ആര്‍സിസിയിയുടേത് വൈകുന്നേരം 3.30നുമാണ് ഓണ്‍ലൈന്‍ മുഖേന നിര്‍വഹിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

സാധാരണക്കാര്‍ക്ക് ലോകോത്തര ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അത്തരത്തിലുള്ള സംവിധാനങ്ങളാണ് മെഡിക്കല്‍ കോളേജിലേയും ആര്‍സിസിയിലേയും അത്യാഹിത വിഭാഗങ്ങളില്‍ സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജിലേയും ആര്‍സിസിയിലേയും നൂതന അത്യാഹിത വിഭാഗങ്ങള്‍ സജ്ജമാകുന്നതോടെ അടിയന്തര ചികിത്സ തേടിയെത്തുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.


മെഡിക്കല്‍ കോളേജ്: എമര്‍ജന്‍സി മെഡിസിന്‍ & ട്രോമ കെയര്‍ (രാവിലെ 10ന്)

33 കോടി രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ & ട്രോമ കെയര്‍ സംവിധാനത്തോടു കൂടിയ നൂതന അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെത്തുന്നത് മുതല്‍ ഈ മാറ്റം കാണാനാകും. മനസിന് ആശ്വാസമേകാന്‍ പൂന്തോട്ടം, ഗതാഗത തടമില്ലാതെ എത്താന്‍ പുതിയ റോഡ്, അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ട്രയാജ് സംവിധാനം, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, അത്യാധുനിക ട്രോമ കെയര്‍ സെന്റര്‍, കാര്‍ഡിയോളജി സെന്റര്‍, സ്‌ട്രോക്ക് സെന്റര്‍, മാസ് കാഷ്വാലിറ്റി & ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പരിശോധനാ സൗകര്യങ്ങള്‍, ഓപ്പറേഷന്‍ തീയറ്ററുകള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ഗ്രീന്‍ സോണ്‍ ഓബ്‌സര്‍വേഷന്‍ തുടങ്ങിയ സംവിധാനങ്ങളാണ് അത്യാഹിത വിഭാഗത്തിനോട് അനുബന്ധമായി സജ്ജമാക്കിയിരിക്കുന്നത്.

മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ പീഡിക്‌സ്, ഇ.എന്‍.ടി. തുടങ്ങിയ പല വിഭാഗങ്ങളെ ഒരുകുടക്കീഴിലാക്കിയാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ലെവല്‍ 2 സംവിധാനമുള്ള ട്രോമ കെയര്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. റെഡ്, യെല്ലോ, ഗ്രീന്‍ എന്നീ സോണുകള്‍ തിരിച്ചാണ് ചികിത്സ ഉറപ്പിക്കുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്കായി നൂതന സംവിധാനങ്ങളോടു കൂടിയ 5 ഓപ്പറേഷന്‍ തിയേറ്ററുകള്‍, 2 ഐസിയുകള്‍, 21 വെന്റിലേറ്റേറുകള്‍ എന്നിവയും പ്രത്യേകതയാണ്. മറ്റ് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും അത്യാഹിത വിഭാഗത്തില്‍ ഓണ്‍ കോളിംഗ് ലഭ്യമാക്കുന്ന തരത്തിലും സജ്ജമാക്കിയിട്ടുണ്ട്.


ആര്‍സിസി: നൂതന കാഷ്വാലിറ്റി സര്‍വീസ് കേന്ദ്രം (വൈകുന്നേരം 3.30ന്)

ഒരു കോടിയില്‍പരം രൂപ ചെലവഴിച്ചാണ് ആര്‍സിസിയില്‍ നൂതന കാഷ്വാലിറ്റി സര്‍വീസ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍.സി.സിയിലെ പഴയ കാഷ്വാലിറ്റിയിലെ പരിമിതികള്‍ പരിഹരിച്ചാണ് ഹൈടെക് കാഷ്വാലിറ്റി സംവിധാനം ഒരുക്കിയത്. എന്‍.എ.ബി.എച്ച്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പുതിയ കാഷ്വാലിറ്റി സജ്ജമാക്കിയത്. രോഗികളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി ഒരേസമയം 10 രോഗികള്‍ക്ക് ഈ കാഷ്വാലിറ്റി വിഭാഗത്തില്‍ തീവ്രപരിചരണം നല്‍കാന്‍ സാധിക്കും. രോഗ തീവ്രതയനുസരിച്ച് രോഗികള്‍ക്ക് സേവനം നല്‍കാന്‍ കഴിയുന്ന ട്രയാജ് സംവിധാനം, വിവിധ രീതികളില്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേകതരം കിടക്കകള്‍, ഓരോ കിടക്കയോടും അനുബന്ധിച്ച് ജീവന്‍ രക്ഷയ്ക്കും നിരീക്ഷണത്തിനുമുള്ള ഉപകരണങ്ങള്‍, കൂട്ടിരിപ്പുകാര്‍ക്കുള്ള പ്രത്യേക കാത്തിരുപ്പ് സ്ഥലം എന്നിവയും പ്രത്യേകതയാണ്.