തൃശ്ശൂർ: പുന്നയൂർക്കുളത്ത് ലൈഫ് പദ്ധതി പ്രകാരം വീടെന്ന സ്വപ്നം പൂർത്തിയാകുന്നത് നാൽപ്പത് കുടുംബങ്ങൾക്ക്. ലൈഫ് മിഷന്റെ ആദ്യഘട്ടങ്ങളിലായി നൽകിയ വീടുകൾക്ക് പുറമെ, ലിസ്റ്റില്‍ ഉൾപ്പെട്ടിട്ടും വിവിധ കാരണങ്ങൾ മൂലം വീട് ലഭിക്കാതെ പോയ കുടുംബങ്ങൾക്കാണ് വീട് ലഭിക്കുന്നത്.  40 കുടുംബങ്ങൾക്കും ഭവന നിർമ്മാണത്തിനുള്ള ആദ്യ ഗഡു കൈമാറിയതോടെ, ലൈഫ് പദ്ധതി നടത്തിപ്പിൽ മാതൃകാപരമായ നേട്ടമാണ് പുന്നയൂർക്കുളം പഞ്ചായത്ത് കൈവരിച്ചത്.
ഭൂരഹിത ഭവനരഹിതർക്ക് ഭൂമിവാങ്ങി വീടുവെക്കാനുള്ള ധനസഹായം നൽകാനുള്ള നടപടിക്രമങ്ങളും പഞ്ചായത്തിൽ നടന്നു വരുന്നുണ്ട്. വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് നല്‍കുകയാണ് ലക്ഷ്യം. പദ്ധതിക്കായി പഞ്ചായത്തിലെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടായതായി പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ് പറയുന്നു. പദ്ധതി കൂടുതൽ സുഗമമാക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ വേണ്ട നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.