തൃശ്ശൂർ:  അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പുന്നയൂര്‍ക്കുളം ചെറായി ഗവ യു പി സ്‌കൂള്‍ ഇനി മികവിന്റെ കേന്ദ്രം. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും സമ്പൂര്‍ണ്ണ സമ്പൂര്‍ണ ഹൈടെക് സ്‌കൂള്‍ പ്രഖ്യാപനവും ഒക്ടോബര്‍ 3ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച ഒരു കോടി ചെലവിലാണ് സ്‌കൂളിലെ പുതിയ ബഹുനിലകെട്ടിടം പണികഴിപ്പിച്ചിരുന്നത്.

കെ.വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ലഭിച്ച 43 ലക്ഷം രൂപ ഉപയോഗിച്ച് സ്‌കൂളില്‍ പുതിയ ഓഡിറ്റോറിയവും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങളും നടത്തി. 22.50 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് ചെലവിട്ട് സ്മാര്‍ട്ട് ക്ലാസ് മുറികളും യാഥാര്‍ത്ഥ്യമാക്കി. 17 സ്മാര്‍ട്ട് ക്ലാസ് മുറികള്‍, സിസിടിവി ക്യാമറകള്‍, എല്ലാ ക്ലാസ് മുറികളും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇന്റര്‍നെറ്റ് സംവിധാനം, ഉച്ചഭാഷിണി, ഫര്‍ണീച്ചറുകള്‍, സ്‌കൂള്‍ കവാടം സ്ഥാപിക്കല്‍, ആധുനിക ശുചിമുറികള്‍ എന്നിവയും സ്‌കൂളില്‍ സ്ഥാപിച്ചു.