അധികാര വികേന്ദ്രീകരണത്തിലൂടെ രാജ്യത്തിന് മാതൃകയായി മാറിയ കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തെ കൂടുതല്‍ ശാക്തീകരിക്കേണ്ടതുണ്ടെന്ന് തദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. അധികാര വികേന്ദ്രികരണത്തിന്റെ കാല്‍ നൂറ്റാണ്ട് എന്ന വിഷയത്തില്‍ കോട്ടയം ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാര വികേന്ദ്രീകരണം പ്രദേശിക സര്‍ക്കാരുകളെന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാഹചര്യമൊരുക്കി. അടിസ്ഥാന മേഖലകളുടെ വികസനത്തിന് ഊന്നല്‍ നല്‍കിയും ജനപങ്കാളിത്തം ഉറപ്പാക്കിയും നിര്‍ണ്ണായക ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞു. പ്രകൃതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ജലാശയങ്ങളുടെ വീണ്ടെടുപ്പ്, വിദ്യാഭ്യസം, ആര്യോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ക്കാണ് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കിയത്.

ഈ അനുഭവ സമ്പത്ത് പ്രളയവും കോവിഡും പോലുള്ള പ്രതിസന്ധി ഘട്ടങ്ങളെ
ഫലപ്രദമായി നേരിടാന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സഹായകരമായി. വരുംകാലങ്ങളില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ദുരന്ത സാഹചര്യങ്ങളും പ്രതിസന്ധികളും മുന്നില്‍ കണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവും കാര്യശേഷിയും കൂടുതല്‍ വര്‍ധിപ്പിക്കണം. നാടിന്റെ വികസനം മുന്നില്‍ കണ്ട് പുതിയ മേഖലകളിലേക്ക് ചുവടുവയ്ക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് കഴിയണം-അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി. ഓണ്‍ലൈനില്‍ സന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സാധ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വേണമെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.

മുന്‍ ചീഫ് സെക്രട്ടറിയും ധനകാര്യകമ്മീഷന്‍ ചെയര്‍മാനുമായ എസ്.എം.വിജയാനന്ദ് വിഷയാവതരണം നടത്തി. പ്രാദേശിക സാമ്പത്തിക വികസനവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടല്‍കൂടി തദ്ദേശ സ്ഥാപനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എല്ലാ തദ്ദേശസ്ഥപനങ്ങളിലും ഉല്‍പ്പാദന മേഖലയില്‍ ഉണര്‍വുണ്ടാകണം. ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പ്രോത്സാഹനം നല്‍കണം. യുവജനങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം ഉയര്‍ത്തുന്നതിനും പ്രദേശവാസികളില്‍ നിന്ന് മൂലധനം സ്വരൂപിച്ച് വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ച് തെഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാകണം അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ എം. അഞ്ജന, സംസ്ഥാന ആസൂത്രണ ബോര്‍ഡ് എസ്.ആര്‍.ജി ചെയര്‍മാന്‍ ഡോ.കെ.എന്‍ ഹരിലാല്‍, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, വികേന്ദ്രീകൃത ആസൂത്രണ വിഭാഗം മേധാവി ജെ. ജോസഫൈന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോന്‍ എന്നിവര്‍ സംസാരിച്ചു.

ത്രിതലപഞ്ചായത്ത് സംവിധാനം കാല്‍ നൂറ്റാണ്ട് പിന്നിട്ടതിന്റെ സ്മാരക ശിലാഫലകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് മാത്തച്ചന്‍ താമരശേരില്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ലിസമ്മ ബേബി, സഖറിയാസ് കുതിരവേലില്‍, അംഗങ്ങളായ സണ്ണി പാമ്പാടി, അഡ്വ. കെ.കെ. രഞ്ജിത്ത്, ബെറ്റി റോയ്, ജെസിമോള്‍ മനോജ്, പി. സുഗതന്‍, ജയേഷ് മോഹന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സിജു തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സത്യപ്രകാശ്, ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വെബിനാറില്‍ പങ്കെടുത്തു.