സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി ജില്ലയിലെ മംഗലം ഡാം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നവരുടെ ഉപജീവനം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അതിജീവന പോരാട്ടത്തിനിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും 15 ലക്ഷം പേര്‍ തൊഴില്‍ ചെയ്യുന്ന മേഖലയാണ് വിനോദസഞ്ചാരമേഖല. കോവിഡ് പ്രതിസന്ധി മൂലം ടൂറിസം മേഖലയ്ക്ക് ഉണ്ടായത് 25,000 കോടിയുടെ നഷ്ടമാണ്. കോവിഡ് കാലത്തെ അതിജീവിച്ചു കഴിയുമ്പോള്‍ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുന്ന രീതിയില്‍ മേഖലയെ പര്യാപ്തമാക്കുന്നതിനാണ് 26 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നത്. പരിസ്ഥിതിക്ക് പോറലേല്‍ക്കാതെ പരമാവധി സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്ക് ഒരുക്കി നല്‍കും. കോവിഡ് കാലത്തെ അതിജീവിക്കുമ്പോള്‍ സംസ്ഥാനം മുന്‍കാലങ്ങളില്ലെന്ന പോലെ സഞ്ചാരികളുടെ പറുദീസയായി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ- വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു.

പരിപാടിയില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ ആരംഭിച്ച കഫ്റ്റീരിയ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ നടന്ന പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി, കെ.ബാബു എം.എല്‍.എ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി രാമകൃഷ്ണന്‍, നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമന്‍, വൈസ് പ്രസിഡന്റ് സതി ഉണ്ണി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത ടീച്ചര്‍, മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി. അനില്‍കുമാര്‍, ഡിടിപിസി സെക്രട്ടറി കെ. ജി അജേഷ് എന്നിവര്‍ പങ്കെടുത്തു.

പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ- വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി കെ.ബാബു എം.എല്‍.എ നിര്‍വഹിക്കുന്നു.

മംഗലം ഡാം ഉദ്യാന പരിസരത്ത് നടന്ന പരിപാടിയില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.  വി രാമകൃഷ്ണന്‍, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സതീഷ്, വണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ സുബൈര്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.

മംഗലം ഡാം ഉദ്യാനങ്ങളുടെ നവീകരണ- വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു.

ആകാശ സൈക്കിള്‍ സവാരിയടക്കം സാഹസിക ടൂറിസവുമായി പോത്തുണ്ടി ഡാം ഉദ്യാനം;
നാല് കോടി ചെലവില്‍ നവീകരണം

സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്കായി സിപ് ലൈന്‍, ആകാശ സൈക്കിള്‍ സവാരി, പോളറൈസ് റൈഡ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കി മികച്ച വിനോദസഞ്ചാര അനുഭവങ്ങളുമായാണ് പോത്തുണ്ടി ഡാം ഉദ്യാനം സഞ്ചാരികളെ കാത്തിരിക്കുന്നത്. ടൂറിസം വകുപ്പ് നാല് കോടി ചെലവിലാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സാഹസികവും മാനസികവുമായ ഉല്ലാസത്തിന് ഉതകുന്ന രീതിയില്‍ ഉദ്യാനത്തിലെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. പൊതുമേഖല സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡാണ് നിര്‍വഹണ ഏജന്‍സി.


ഉദ്യാനത്തില്‍ സാഹസിക സ്പോര്‍ട്സ്, കുട്ടികളുടെ കളിസ്ഥലം,  കിയോസ്‌ക്, ടോയ്ലറ്റ്, നടപ്പാത, കുടിവെള്ള വിതരണം, പ്രവേശന കവാടം, വേലി, നിലവിലെ ടോയ്ലറ്റ് ബ്ലോക്ക് നവീകരണം, മഴക്കുടില്‍, പോഡിയം, വൈദ്യുതീകരണം, നിരപ്പാക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയത്. ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ശുചിത്വവും പച്ചപ്പും മികച്ച അന്തരീക്ഷവും ഉറപ്പുവരുത്തി സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും നല്‍കുക.

4.76 കോടിയുടെ നവീകരണം മംഗലം ഡാം ഉദ്യാനത്തിലും

പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള വ്യൂ പോയിന്റ്, റോപ്പ് കോഴ്സ്, കുട്ടികള്‍ക്കായുള്ള കളി സൗകര്യങ്ങള്‍, കുളം, മഴക്കുടില്‍, ഇരിപ്പിടങ്ങള്‍, സ്റ്റേജ്, വൈദ്യുതീകരണം, ഇന്റര്‍ലോക്ക്, കമ്പോസ്റ്റിങ് പ്ലാന്റ് തുടങ്ങി 4.76 കോടിയുടെ പ്രവൃത്തികളാണ് ഉദ്യാനത്തില്‍ നടപ്പിലാക്കിയത്. പൊതുമേഖല സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡാണ് നിര്‍വഹണ ഏജന്‍സി.


സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജില്ലയുടെ ടൂറിസം വികസനത്തിനായി 33 കോടിയാണ് അനുവദിച്ചത്. ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് 33.15 ലക്ഷം, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം 39 ലക്ഷം, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം മാലിന്യസംസ്‌കരണ കേന്ദ്രം 3.52 ലക്ഷം, ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയിലുള്‍പ്പെടുത്തി മലമ്പുഴ ഉദ്യാനം 99 ലക്ഷം, മലമ്പുഴ റോക്ക് ഗാര്‍ഡന്‍ 92 ലക്ഷം, വാടിക ശിലാവാടിക  ഉദ്യാനം 70 ലക്ഷം, ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതി 73 ലക്ഷം, തസ്രാക് റൈറ്റേഴ്‌സ് വില്ലേജ് അഞ്ചുകോടി, ചെമ്പൈ സാംസ്‌കാരിക സമുച്ചയം നാലുകോടി, നെല്ലിയാമ്പതി ടൂറിസം വികസനം ഒന്നാംഘട്ടം 5.13 കോടി എന്നിങ്ങനെയാണ് ജില്ലയില്‍ ടൂറിസം വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത്.