കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആലപ്പുഴ സംയോജിത റൈസ് ടെക്‌നോളജി പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കിന്‍ഫ്രയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന പാര്‍ക്കിന് 66.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നെല്‍ കര്‍ഷകര്‍ക്കും അനുബന്ധ മേഖലയിലെ സംരംഭകര്‍ക്കും സഹായകമാകുന്ന വിപുലമായ പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. നെല്‍കൃഷി വ്യാപകമാക്കുകയും കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് സഹായകമാവുന്നതും പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതുമാണ് പദ്ധതി.

നെല്ലിന്റെ സംസ്‌കരണം, മൂല്യവര്‍ധന എന്നിവയ്ക്കായി പാര്‍ക്കില്‍ പ്രത്യേക സംവിധാനം ഒരുക്കും. ആധുനിക മില്ലുകള്‍, ഗുണനിലവാര നിയന്ത്രണ ലാബ്, നെല്ലും അരിയും സൂക്ഷിക്കാനുള്ള വിപുലമായ സംഭരണശാലകള്‍, പാക്കിങ് കേന്ദ്രം, സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി എന്നിവ പാര്‍ക്കില്‍ സജ്ജീകരിക്കും. വൈദ്യുതി, ജലം, ഗതാഗതം, മാലിന്യ സംസ്‌കരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. അരിയില്‍ നിന്നുമുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിനുള്ള ഹബ്ബായി പാര്‍ക്ക് പ്രവര്‍ത്തികും. അനുബന്ധം സംരംഭങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കം ഇവിടെ ഇടമുണ്ടാകും.

സംസ്ഥാനത്തെ നെല്‍കൃഷിയും അരി ഉല്‍പ്പാദനവും മറ്റ് അനുബന്ധന പ്രവര്‍ത്തനങ്ങളും സുസ്ഥിരമാക്കാനാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ റൈസ് ടെക്‌നോളജി പാര്‍ക്ക് എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്. പാലക്കാട്ടെ പ്രഥമ റൈസ് പാര്‍ക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.