കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പു നൽകുന്ന ഉപകരണം ‘നാവിക്’ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റവും മികച്ച രീതിയിൽ ശാസ്ത്രീയമായി പ്രവർത്തിക്കുന്ന ഉപകരണമാണ് ഐ.എസ്.ആർ.ഒ. നിർമിച്ച നാവിക്. മത്സ്യലഭ്യത, കാലാവസ്ഥ മുന്നറിയിപ്പ്, കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്താനുള്ള ശാസ്ത്രീയ സംവിധാനം ഉൾപ്പെടെയുള്ള മൊബൈൽ ആപ്ലിക്കേഷൻ തയാറായിട്ടുണ്ടെന്നും ഉടൻ തൊഴിലാളികൾക്കു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം വെട്ടുകാട് ഓഖി ദുരന്തത്തിൽ കാണാതായവരുടെ ആശ്രിതർക്കുള്ള ധനസഹായവിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അത്യാധുനിക ലൈഫ് ജാക്കറ്റ് നൽകും. ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് കാര്യക്ഷമമായ ചൂണ്ട ബോട്ടുകൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 600 കോടി രൂപയുടെ പദ്ധതി കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. കഴിഞ്ഞ ബജറ്റിൽ ഓഖിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപയുടെ പ്രത്യേകപാക്കേജ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.