തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിനും നിയമപരമല്ലാത്തവ നിർത്തിവയ്പ്പിക്കുന്നതിനും അനധികൃതമായി സ്ഥാപിക്കുന്ന പരസ്യങ്ങളും ബോർഡുകളും നീക്കം ചെയ്യുന്നതിനുമായി രൂപീകരിച്ച ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫ്‌ലക്‌സ്, പ്ലാസ്റ്റിക് തുടങ്ങിയ സാധനങ്ങൾ ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തണമെന്ന ബഹു. ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കുന്നതിലേയ്ക്ക് കൂടി ആന്റീ-ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം. ഈ സാഹചര്യത്തിൽ താലൂക്ക് തലത്തിൽ രൂപീകരിച്ചിട്ടുള്ള ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിൽ പോലീസ് ഓഫീസർമാരെ ഉൾപ്പെടുത്താത്ത ജില്ലകൾ ഉണ്ടെങ്കിൽ ആ ജില്ലകളിലെ ഓരോ സ്‌ക്വാഡിലും കുറഞ്ഞത് ഒരു പോലീസ് ഓഫീസറെ കൂടി ഉൾപ്പെടുത്തി അവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ജില്ലാ പോലീസ് ചീഫുമായി കൂടിയാലോചിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

 


തദ്ദേശ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്കുള്ള പരിശീലന വിവരങ്ങൾ ഇ-ഡ്രോപ്പിൽ

തദ്ദേശ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്തുകളിൽ റിസർവ്വ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും ഇ-ഡ്രോപ് വെബ് സൈറ്റിൽ അവരുടെ പരിശീലന ക്ലാസ്സിന്റെ ഷെഡ്യൂൾ പരിശോധിച്ച ശേഷം നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് കൃത്യ സമയത്ത് എത്തിച്ചേർന്ന് പരിശീലന ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.