കാസർഗോഡ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 20 പോളിംഗ് ബൂത്തുകള്‍ക്ക് ഒരു സെക്ടറല്‍ ഓഫീസര്‍മാരെ വീതമാണ് നിയോഗിച്ചിരിക്കുന്നത്. ബന്ധപ്പെട്ട പോളിംഗ് ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യുകയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുകയുമാണ് ഇവരുടെ ചുമതല. ജില്ലയില്‍ വില്ലേജ് ഓഫീസര്‍മാരെയാണ് സെക്ടറല്‍ ഓഫീസര്‍മാരാക്കിയത്.

വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പ് മുതല്‍ പോളിംഗിന് ശേഷം സാധനങ്ങള്‍ തിരികെ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്നതുവരെയാണ് സെക്ടറല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തന സമയം.
ഇവര്‍ വോട്ടെടുപ്പിന് മുമ്പ് ഓരോരുത്തര്‍ക്കും ചുമതലപ്പെടുത്തിയ ബൂത്തുകള്‍ സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ ഉറപ്പുവരുത്തും. പോളിംഗിന് തലേദിവസം വൈകീട്ട് എല്ലാ ബൂത്തുകളും സന്ദര്‍ശിച്ച് വോട്ടര്‍പട്ടികയുടെ മാര്‍ക്ക്ഡ് കോപ്പി പ്രിസൈഡിംഗ് ഓഫീസര്‍ക്ക് രേഖാമൂലം കൈമാറേണ്ടത് സെക്ടറല്‍ ഓഫീസര്‍മാരാണ്.

പോളിംഗ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ എത്തിയിട്ടുണ്ടോയെന്നും തെരഞ്ഞെടുപ്പ് സാമഗ്രികളും കോവിഡ് പ്രതിരോധ സാമഗ്രികളും ലഭ്യമായിട്ടുണ്ടോയെന്നും ഇവര്‍ ഉറപ്പുവരുത്തും.
ഏതെങ്കിലും ബൂത്തില്‍ പുതിയ വോട്ടിംഗ് യന്ത്രം ആവശ്യമായി വന്നാല്‍ അവ ഉടന്‍ ലഭ്യമാക്കി റിട്ടേണിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും. ബൂത്തിലോ പരിസരത്തോ സ്ഥാനാര്‍ഥികളോ പ്രവര്‍ത്തകരോ വോട്ടര്‍മാരോ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അവ ഉടന്‍ പോലീസിനെയും മറ്റ് അധികാരികളെയും അറിയിച്ച് നടപടി സ്വീകരിക്കേണ്ടത് സെക്ടറല്‍ ഓഫീസര്‍മാരുടെ ചുമതലയാണ്.

സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കളക്ടററ്റേ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത്ബാബു, തെരഞ്ഞെടുപ്പ് പരിശീലനത്തിന്റെ നോഡല്‍ ഓഫീസര്‍ കെ. ബാലകൃഷ്ണന്‍, എന്‍.ഐ.സി ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ. രാജന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.