കൊല്ലം : പോളിങ് പരിശീലന ക്ലാസുകളില്‍ എത്താത്ത 12 ജീവനക്കാര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലയില്‍ പോളിങ് ഉദ്യോസ്ഥരുടെ ആദ്യഘട്ട പരിശീലന ക്ലാസുകള്‍ ഇന്ന്(നവംബര്‍ 2) പൂര്‍ത്തിയാകും.

പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാതിരുന്ന ജീവനക്കാര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടീസുകള്‍ നല്‍കി തുടങ്ങി. വിവിധ കാരണത്താല്‍ പോളിങ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് നല്‍കിയ അപേക്ഷ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അര്‍ഹരായവരെ ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ ജില്ലാ കലക്ടര്‍ക്ക് നല്‍കി എന്ന കാരണത്താല്‍ പരിശീലന ക്ലാസില്‍ പങ്കെടുക്കാതിരിക്കുകയോ പോളിങ് ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും. പുതുതായി നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് ഡിസംബര്‍ നാലിന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ബ്ലോക്ക് കേന്ദ്രങ്ങളിലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലുള്ളവര്‍ക്ക് കൊല്ലം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളിലും പരിശീലനം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.