കോട്ടയം: ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി.ജയദേവ് നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം എച്ച്.ഐ.വി എയ്ഡ്സിനെതിരായ ജാഗ്രതയും ബോധവത്കരണവും തുടരണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഇതോടനുബന്ധിച്ച് ജനമൈത്രി പോലീസിന്‍റെയും കുറവിലങ്ങാട് ദേവമാതാ കോളേജിലെ എന്‍. സി.സി യൂണിറ്റിന്‍റെയും നേതൃത്വത്തില്‍ നടന്ന രക്തദാന ക്യാമ്പില്‍ 50 പേര്‍ രക്തം ദാനം ചെയ്തു. ജില്ലാ പോലീസ് മേധാവി, പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരും രക്തം ദാനം ചെയ്തു. പാലാ ഡിവൈ.എസ്.പി സാജു വര്‍ഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പൊതു സമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹ പ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ മുഖ്യ പ്രഭാഷണവും നടത്തി. പാലാ ഡിവൈ.എസ്.പി സാജു വര്‍ഗീസ് പ്രതിജ്ഞ ചൊല്ലിക്കൊടിത്തു. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് ജോസ്, ജനമൈത്രി പോലീസ് കമ്യൂണിറ്റി റിലേഷന്‍സ് ഓഫീസര്‍ എ.ടി ഷാജിമോന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സുരക്ഷാ പ്രൊജെക്ടുകളുടെ നേതൃത്വത്തില്‍ കോട്ടയം നാഗമ്പടം, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകളില്‍ ബോധവത്കരണ പ്രദര്‍ശനം സംഘടിപ്പിച്ചു.

സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം, ജനമൈത്രി പോലീസ്, പാലാ ബ്ലഡ് ഫോറം എന്നിവര്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.