· 13.12 കിലോമീറ്റര്‍ കനാലിലൂടെ ജലവിതരണം
· ബജറ്റിലെ 13.75 കോടി ഉണര്‍വേകും
·പ്രതീക്ഷയായി ടൂറിസം 
വിവിധോദ്ദേശ്യ പദ്ധതി പ്രദേശമായ കാരാപ്പുഴയില്‍ ടൂറിസം, ജലസേചന മേഖലകളിലെ സാധ്യതകള്‍ ജില്ലയുടെ പ്രതീക്ഷയാവുന്നു. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം, സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള കമ്മിറ്റി അംഗങ്ങള്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2018-19 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ 13.75 കോടി രൂപ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും. വര്‍ഷങ്ങളായി പൂര്‍ത്തിയാവാതെ കിടക്കുന്ന വന്‍കിട-ഇടത്തരം പദ്ധതികള്‍ ജനോപകാരപ്രദമായ രീതിയില്‍ മാറ്റിയെടുക്കാനാവുമോ എന്നു പരിശോധിക്കുന്നതിനായി 2017 ആഗസ്തിലാണ് വിദഗ്ധ സമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചത്. 13.12 കിലോമീറ്റര്‍ കനാലുകളിലൂടെ ഡാം റിസര്‍വോയറില്‍ നിന്നു നിലവില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളമെത്തുന്നുണ്ട്. ഇടതുകര കനാലിലൂടെ 6.10 കിലോമീറ്റര്‍ വരെയും വലതുകര കനാലിലൂടെ 7.02 കിലോമീറ്റര്‍ വരെയുമാണ് സ്ഥിരമായി ജലവിതരണം നടത്തുന്നത്. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലേക്കും കൃഷ്ണഗിരി, പുറക്കാടി വില്ലേജുകളിലേക്കും കുടിവെള്ള വിതരണം ആരംഭിച്ചു കഴിഞ്ഞു. മേപ്പാടി, മൂപ്പൈനാട്, നൂല്‍പ്പുഴ, മുട്ടില്‍ പഞ്ചായത്തുകളിലേക്കും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലേക്കും ശുദ്ധജല വിതരണം കേരള വാട്ടര്‍ അതോറിറ്റി മുഖേന നടത്താനുള്ള പദ്ധതികള്‍ അന്തിമ ഘട്ടത്തിലെത്തി. ഫിഷറീസ് വകുപ്പ് മുഖേന മല്‍സ്യകൃഷി വികസനത്തിനും ലക്ഷ്യമിടുന്നു. കനാലുകളുടെ കാലപ്പഴക്കത്താലുള്ള ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള പ്രവൃത്തികള്‍ 2017-18ലെ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി പുരോഗമിക്കുകയാണ്. തുടര്‍പ്രവൃത്തികള്‍ 2018-19ലെ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കും. ഇതുവഴി ഇതുവരെ നിര്‍മിച്ച കനാലുകളിലൂടെ ജലനഷ്ടം കുറച്ച് ജലവിതരണം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ടൂറിസം നാലു കോടി ചെലവില്‍ മൂന്നാംഘട്ടം
കാരാപ്പുഴ ടൂറിസം വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ മൂന്നാം ഘട്ടത്തില്‍. ടൂറിസംവകുപ്പ് അനുവദിച്ച നാലുകോടി രൂപയുടെ പ്രവൃത്തികള്‍ പുരോഗമിച്ചുവരികയാണ്. വാച്ച് ടവറുകള്‍, ലോട്ടസ് പോണ്ട്, ഫിഷിങ് ഡക്ക്, നടപ്പാതകള്‍, ജനറല്‍ ലാന്‍ഡ് സ്‌കേപ്പിങ്, കുടിലുകള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങി. പാര്‍ക്കിങ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. 2017 ജൂണ്‍ 11 മുതല്‍ 2018 മാര്‍ച്ച് 31 വരെ 1,89,639 സഞ്ചാരികള്‍ കേന്ദ്രത്തിലെത്തി. ഇവരില്‍ 41,762 പേര്‍ കുട്ടികളാണ്. ഈ മാസം 24 വരെ 16,153 മുതിര്‍ന്നവരും 3,932 കുട്ടികളുമടക്കം 20,085 വിദോദസഞ്ചാരികളാണ് കാരാപ്പുഴയിലെത്തിയത്. ഒരു ദിവസം ശരാശരി 575 മുതിര്‍ന്നവരും 144 കുട്ടികളും കേന്ദ്രം സന്ദര്‍ശിക്കുന്നതായാണ് കണക്ക്.
കാരാപ്പുഴയുടെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച രണ്ടുകോടി രൂപയുടെയും സംസ്ഥാന സര്‍ക്കാരിന്റെ 5.21 കോടിയും ചെലവഴിച്ച് ജലസേചനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേനയാണ് ഒന്നാംഘട്ട-രണ്ടാംഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. 2017 മെയ് അഞ്ചിന് ഉദ്യാനം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. പ്രദേശവാസികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച് ഉദ്യാനം പരിപാലിക്കുന്നു. കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും ജലവിഭവ മന്ത്രി മാത്യു ടി തോമസും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. മുതിര്‍ന്നവര്‍ക്ക് 30 രൂപയും 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പത്തും രൂപയാണ് ടിക്കറ്റ് നിരക്ക്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവേശനം. പദ്ധതി പ്രദേശത്തെ ഫിഷറീസ് വകുപ്പിന്റെ അക്വേറിയവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.