കൊച്ചി: ലോക മലമ്പനി ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം അരയങ്കാവ് എസ്. എന്‍. ഡി. പി ഹാളില്‍ അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു. മാലിന്യം വലിച്ചെറിയുന്ന ശീലം നമ്മളെ രോഗികളാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിശുചിത്വത്തില്‍ എന്ന പോലെ മലയാളികള്‍ പരിസര ശുചിത്വത്തിലും ശ്രദ്ധ ചെലുത്തിയാല്‍ മാത്രമേ മലമ്പനി പോലുള്ള സാക്രമിക രോഗങ്ങളെ പ്രതിരോധിക്കുവാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2 0 2 0 ഓടെ കേരളത്തില്‍ നിന്നും മലമ്പനി നിവാരണം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ലോക മലമ്പനി ദിനത്തില്‍ തുടക്കം കുറിക്കുന്നത്. തദ്ദേശീയ മലമ്പനി ഇല്ലാതാക്കുന്നതോടൊപ്പം കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ താമസിച്ച് തിരിച്ചു വരുന്നവരില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും ഉണ്ടാകുന്ന മലമ്പനി രോഗബാധ തടയുവാനും ലക്ഷ്യമിടുന്നു. മലമ്പനി എന്ന കൊതുകുജന്യ പകര്‍ച്ചവ്യാധിയെ കുറിച്ചും അത് പകരുന്നത് തടയാന്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ‘തയ്യാറാകൂ മലമ്പനിയെ തുരത്താന്‍’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. കെ. കുട്ടപ്പന്‍ മുഖ്യ പ്രഭാഷണം നടത്തി. മലമ്പനി കണ്ടെത്തുന്നതിനും ചികിത്സക്കും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഭവനങ്ങളില്‍ നിന്നും തുടങ്ങണം. വേനല്‍ മഴ തുടങ്ങിയതിനാല്‍ പകര്‍ച്ച വ്യാധികള്‍ കൂടുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ ശക്തമായി നടപ്പിലാക്കണം എന്നും അദ്ദേഹം അഭിപ്രായപെട്ടു.
മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും സംഘടിപ്പിച്ചു. വര്‍ണശബളമായ ആരോഗ്യ സന്ദേശ റാലി, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്, സ്‌കിറ്റ്, പ്രദീപ് കുലാനി അവതരിപ്പിച്ച ചാക്യാര്‍ ഷോ എന്നിവ നടന്നു.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തഗം എ.പി. സുഭാഷ്, ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹനന്‍, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ ധര്‍മരാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, ഗ്രാമ പഞ്ചായത്ത് അഗം ബിജോയ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ: സീന എന്‍.എസ്, ഡോ: വിപിന്‍ മോഹന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഗിലന്‍ പി.എസ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡന്റ്സ് അസോസിയേഷന്‍, ഓട്ടോറിക്ഷ  തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍ എന്നിവരും പങ്കെടുത്തു.