എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടർ ബോധവത്കരണ പരിപാടികൾക്ക് തുടക്കം. കൂടുതൽ ആളുകളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ആദ്യപടിയായി യുവാക്കളെ തിരഞ്ഞെടുപ്പിലേക്ക് ആകർഷിക്കുന്നതിനും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു.

നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വീപ് ടീമിൻ്റെ നേതൃത്വത്തിലാണ് ബോധവത്കരണ പരിപാടികൾ നടക്കുന്നത്. ഹയർ സെക്കണ്ടറി സ്കൂളുകൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ. തിരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൻ്റെ പ്രാധാന്യം അറിയിക്കുന്ന ലഘുവീഡിയോകൾ പ്രദർശിപ്പിച്ചാണ് ബോധവത്കരണം. ഓൺലൈൻ ക്ലാസുകളുടെ ഇടവേളകളിൽ അധ്യാപകരുടെ അനുവാദത്തോടെ ലഘുവീഡിയോകൾ പ്രദർശിപ്പിക്കുകയാണ് ചെയ്യുന്നത്. കോളേജുകൾ തുറക്കുന്ന മുറക്ക് നേരിട്ട് കോളേജിലെത്തിയും ബോധവത്കരണ പരിപാടികൾ നടത്തും. തഹസിൽ ദാർമാരായിരിക്കും ഇതിന് നേതൃത്വം നൽകുക. അതാത് തഹസിൽദാർമാർ തങ്ങളുടെ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവർത്തനം നടത്താനാണ് തീരുമാനം. ജില്ലയിൽ 18 നും 19നും ഇടയിൽ പ്രായമുള്ള 90,000 പേരാണുള്ളത്. ഇതിൽ പത്തു ശതമാനം ആളുകൾ മാത്രമാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്.

ഇതു കൂടാതെ ആകാശവാണി, എഫ്.എം. റേഡിയോകൾ, സോഷ്യൽ മീഡിയകൾ വഴിയും ബോധവത്കരണ സന്ദേശങ്ങൾ കൈമാറുന്നുണ്ട്. ജില്ലയിലെ പട്ടികവർഗക്കാർ കൂടുതൽ താമസിക്കുന്ന കുട്ടമ്പുഴ പോലുള്ള പഞ്ചായത്തുകളിൽ ജില്ലാതല സ്വീപ് ടീം നേരിട്ടെത്തിയാണ് വോട്ടർമാരെ ചേർക്കുന്നത്. നെറ്റ് വർക്ക് ലഭ്യമല്ലാത്തതിനാൽ ഇവിടെയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് താലൂക്ക് കേന്ദ്രങ്ങളിൽ വച്ച് പേരുകൾ ഉൾപ്പെടുത്താനാണ് തീരുമാനം.

ഇതോടൊപ്പം രാഷ്ട്രീയ പാർട്ടികളുടെയും സേവനം ഉൾപ്പെടുത്താനും തീരുമാനിച്ചു. രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് സഹകരണം ഉറപ്പാക്കി. ഭിന്നശേഷി വോട്ടർമാർക്കായി പോസ്റ്റൽ വോട്ട് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വിവരശേഖരണം ആരംഭിച്ചു. സാമൂഹ്യനീതി വകുപ്പിൻ്റെ നേതൃത്വത്തിലാണ് വിവരശേഖരണം നടക്കുന്നത്. ഭിന്നശേഷിക്കാരായ പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അനാഥാലയങ്ങള്‍, ആതുരാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങൾക്കും സാമൂഹ്യനീതി വകുപ്പിനാണ് ചുമതല.

ഏതെങ്കിലും തരത്തിൽ വോട്ടർ പട്ടികയിൽ നിന്നും പുറത്തു പോയതോ ഇതുവരെ പേര് ചേർക്കാത്തതോ ആയ മുഴുവൻ ആളുകളെയും പട്ടികയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പട്ടികജാതി പട്ടികവർഗ കോളനികൾ, തീരദേശങ്ങൾ എന്നിവിടങ്ങളിലെ ബോധവത്കരണം ശക്തമാക്കും.
കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി വികസന വകുപ്പ് , സാമൂഹ്യനീതി വകുപ്പ് , റവന്യൂ വകുപ്പ് എന്നിവയുടെ കൂട്ടായ പ്രവർത്തനമാണ് നടക്കുന്നത്. തുടർ പ്രവർത്തനങ്ങൾക്കായി അസിസ്റ്റൻറ് കളക്ടർ രാഹുൽ കൃഷ്ണശർമ്മ നോഡൽ ഓഫീസറായി സ്വീപിൻ്റെ അഞ്ചംഗ സമിതിയെ നിയോഗിച്ചു.