മഴക്കാലത്ത് ചാണകം ഉണക്കാൻ എന്തുചെയ്യുമെന്ന പേടി ഇനി ജില്ലയിലെ വാത്തിക്കുടി പഞ്ചായത്തുകാർക്കില്ല. പുതിയ സാമ്പത്തികവർഷത്തെ പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മൊബൈൽ ഡംങ് ഡീവാട്ടറിംഗ് മെഷീൻ ഉടൻ തന്നെ പഞ്ചായത്തിലെത്തും. ഹരിതകേരള മിഷന്റെ ഭാഗമായാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. മൊബൈൽ ഡീവാട്ടറിംഗ് യൂണിറ്റ് പഞ്ചായത്തിൽ സജ്ജമാകുന്നതോടെ കർഷകർക്കും ആവശ്യക്കാർക്കും ഇനി വർഷം മുഴുവൻ ചാണകപൊടി സുലഭമായി ലഭിക്കും.
കേരളത്തിലെ ആദ്യത്തെ മൊബൈൽ ഡംങ് ഡീവാട്ടറിംഗ് യൂണിറ്റാണ് വാത്തിക്കുടി പഞ്ചായത്തിൽ സജ്ജമാകുന്നത്. പദ്ധതിവിഹിതത്തിൽ നിന്ന് 12 ലക്ഷം രൂപയാണ് മെഷീനായി പഞ്ചായത്ത് മാറ്റിവെച്ചിരിക്കുന്നത്. കുടംബശ്രീയാണ് മെഷീൻ പ്രവർത്തനത്തിന് നേതൃത്വം നൽകുക. സ്വയംതൊഴിൽ എന്ന നിലയിൽ മൊബൈൽ യൂണിറ്റിനുള്ള വാഹനം കുടുംബശ്രീയായിരിക്കും വാങ്ങുക.
വാത്തിക്കുടി പഞ്ചായത്തിലെ ഭൂരിഭാഗം വരുന്ന ജനങ്ങളും കാലിവളർത്തലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പാൽ ക്ഷീരകർഷകരിൽ നിന്നെടുക്കാനുള്ള സൗകര്യം നിലവിലുണ്ട്. ചാണകമാകട്ടെ കർഷകർ ഉണക്കി കൃഷിയാവശ്യത്തിന് ഉപയോഗിക്കുകയാണ് പതിവ്. ഉണങ്ങിയ ചാണകപൊടി ഉപയോഗിക്കുന്നത് വിളകളിലെ ഫംഗസ് ബാധ ഒഴിവാക്കുന്നതിന് ഉത്തമമാണ്. അതിനാൽ ചാണകപൊടിക്ക് ആവശ്യക്കാർ ഏറെയാണ്. എന്നാൽ മഴക്കാലമെത്തുമ്പോൾ ചാണകം ഉണക്കൽ കർഷകരെ പ്രതിസന്ധിയിലാക്കും. ചാണകം കെട്ടികിടക്കുന്നത് പലരോഗങ്ങൾക്കും പിന്നീട് കാരണമാകും. ഈ സാഹചര്യം മനസിലാക്കിയാണ് പഞ്ചായത്തിൽ മൊബൈൽ ഡംങ് ഡീവാട്ടറിംഗ് മെഷീൻ എന്ന നൂതന പദ്ധതി ആവിഷ്‌കരിക്കുന്നത്.
മെഷീൻ, പമ്പ്, ജനറേറ്റർ തുടങ്ങിയവ അടങ്ങുന്നതാണ് മൊബൈൽ ഡീവാട്ടറിംഗ് മെഷീൻ. കുടുംബശ്രീയുടെ നേതൃത്വത്തിൽ മെഷീൻ വീടുകളിലെത്തിക്കും. തുടർന്ന് പമ്പിലൂടെ ചാണകക്കുഴിയിൽ നിന്ന് ചാണകം മെഷിനീലേക്കെത്തിക്കുന്നു. മെഷീൻ ചാണകത്തിലെ ജലാംശം നീക്കുകയും ഈ ജലം വീണ്ടും ചാണക കുഴിയിലേയ്ക്ക് നിക്ഷേപിക്കുകയും ചെയ്യും. മെഷീനുള്ളിൽ നിന്ന് ഉണങ്ങിയ ചാണകത്തെ വേർതിരിച്ച് മാറ്റാം. ചാണകത്തിൽ നിന്ന് വൈക്കോൽ, പുല്ല് എന്നിവ നീക്കംചെയ്യാനും മെഷീന് സാധിക്കും. വീട്ടിലെത്തി ചാണകം ഡീവാട്ടറിംഗ് ചെയ്യുന്നതിന്റെയും മറ്റുമുള്ള ചെലവുകൾ അതത് വീട്ടുകാർ തന്നെയാണ് നൽകേണ്ടത്. ഉണങ്ങികിട്ടുന്ന ചാണകത്തെ ചാക്കുകളിലാക്കി സൂക്ഷിക്കാം. ഒരു മണിക്കൂർ കൊണ്ട് അഞ്ച്, ആറ് ടൺ ചാണകത്തോളം ഡീവാട്ടർ ചെയ്യാൻ മെഷീന് കഴിയും. ചാണകപൊടി ശേഖരിച്ച് വിൽപ്പന നടത്തുന്ന സംരംഭം തുടങ്ങാനും വാത്തിക്കുടി പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ രാജു പറഞ്ഞു. എറണാകുളം കേന്ദ്രമായ ഫാം ഡയറി എന്ന കമ്പനിയാണ് ഇറ്റാലിയൻ നിർമിതമായ മെഷീൻ വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെത്തിക്കുന്നത്.
ജൈവകൃഷി പ്രോത്സാഹനം കൂടി ലക്ഷ്യമിട്ടാണ് വാത്തിക്കുടി പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഫലത്തിലായാൽ കാർഷികമേഖലയ്ക്ക് പുത്തനുണർവായിരിക്കും ലഭിക്കുക. വാത്തിക്കുടി പഞ്ചായത്തിലെ വീടുകളിൽ നിലവിൽ ചാണകം ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വീടുകളിൽ പ്ലാന്റുകൾ നിർമ്മിക്കുന്നതിനായി സർക്കാരിന്റെ കോർഡിനേഷൻ സമിതിയുടെ അംഗീകാരത്തിനായി പഞ്ചായത്ത് അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.