എറണാകുളം: ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണുന്നതിനുള്ള സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിലേക്ക് പരാതികൾ സ്വീകരിച്ചു തുടങ്ങി. പ്രളയം, പോലീസ്, ലൈഫ് മിഷൻ ഈ മൂന്ന് വിഷയങ്ങൾ ഒഴിച്ച് മറ്റ് എല്ലാ വകുപ്പുകളും സംബസിച്ച പരാതികൾ ജനങ്ങൾക്ക് സമർപ്പിക്കാം. ഭൂമിയുമായി ബന്ധപ്പെട്ട (റവന്യൂ)
പരാതികളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഇത്തരം പരാതികൾ കളക്ടറേറ്റിലോ, താലൂക്കിലോ, വില്ലേജ് ഓഫീസുകളിലോ നേരിട്ടെത്തി സമർപ്പിക്കാം.

മറ്റുള്ള പരാതികൾ ഫെബ്രുവരി മൂന്നു മുതൽ ഒൻപതു വരെയാണ് സ്വീകരിക്കുന്നത്. തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം. അല്ലെങ്കിൽ വെള്ള പേപ്പറിൽ തയാറാക്കിയ പരാതികൾ ജില്ലാ ഭരണ കേന്ദ്രത്തിലോ, താലൂക്കുകളിലോ, വില്ലേജ് ഓഫീസുകളിലോ ആരംഭിച്ച ഹെൽപ് ഡെസ്കുകളിൽ നൽകാം. പരാതിക്കാരൻ്റെ മേൽവിലാസവും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും കൃത്യമായി പരാതിയിൽ രേഖപ്പെടുത്തിയിരിക്കണം.

പരാതിയുമായി ബന്ധപ്പെട്ട് പിന്നീടുള്ള ആശയവിനിമയങ്ങൾക്ക് ഇത് നിർബന്ധമാണ്. അദാലത്ത് നടക്കുന്ന ദിവസം പൊതുജനങ്ങൾക്ക് മന്ത്രിയുടെ കൈയിൽ നേരിട്ടും പരാതികൾ നൽകാം. പരാതി പഠിച്ചതിനു ശേഷം ജില്ലയിൽ തീർപ്പാക്കാവുന്ന പ്രശ്നങ്ങൾ ഉടൻ തീർപ്പാക്കും. സംസ്ഥാന സർക്കാർ തീരുമാനമെടുക്കേണ്ട പരാതികൾ തരം തിരിച്ച് സർക്കാരിലേക്ക് അയക്കും. പരാതികൾ നൽകുന്നതിന് അക്ഷയ കേന്ദ്രത്തിലോ മറ്റിടങ്ങളിലോ ഫീസുകളൊന്നും നൽകേണ്ടതില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷകളും നൽകാം. പരാതിക്കാരന് നേരിട്ടും ഓൺലൈനായി അപേക്ഷകൾ നൽകാം. സി.എം. ഡി.ആർ.ഫ്, സി.എം.ഒ തുടങ്ങിയ വെബ്സൈറ്റുകൾ വഴി ഫെബ്രുവരി മൂന്നു മുതൽ അപേക്ഷകൾ നൽകാവുന്നതാണ്.