എറണാകുളം : ദേശീയ സമ്മതിദായക ദിനം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. ‘നമ്മുടെ വോട്ടര്‍മാരെ ശാക്തീകരിക്കുകയും, ജാഗ്രതയുള്ളവരും, സുരക്ഷിതരും, അവബോധമുള്ളവരും ആക്കുക ‘എന്നതാണ് ഇത്തവണത്തെ ദേശീയ സമ്മതിദായക ദിന സന്ദേശം. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധമേഖലയിലുള്ള പ്രമുഖര്‍ പങ്കെടുത്ത സെന്റ് പോള്‍സ് കോളേജ് അക്കൗസ്റ്റിക് തീയറ്ററില്‍ നടന്ന പരിപാടി ജില്ല കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു .

30,000 നവ വോട്ടര്‍മാരാണ് ഇത്തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനെക്കാളും ഇരട്ടി വെല്ലുവിളിയാണ് അസംബ്ലി തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരിക എന്ന് ചൂണ്ടിക്കാട്ടി. കോവിഡ് രോഗബാധിതര്‍ക്കൊപ്പം 80 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കും പോസ്റ്റല്‍ വോട്ടായതിനാല്‍ വോളന്റിയര്‍മാരുടെ സേവനം കൂടുതലായി ആവശ്യമുണ്ടെന്നും കളക്ടര്‍ പറഞ്ഞു. നവ വോട്ടര്‍മാര്‍ , ഭിന്നശേഷി വോട്ടര്‍മാര്‍ , 80 വയസ്സിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ എന്നിവരെയാണ് കൂടുതലായി വോട്ട് ചെയ്യുന്നതിനായി പ്രോത്സാഹിപ്പിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബിനെ കളക്ടര്‍ അനുമോദിച്ചു. കൂടാതെ കോവിഡ് കടലാക്രമണ സമയത്ത് ചെല്ലാനം മേഖലയില്‍ 1,000 കുടുംബങ്ങള്‍ക്ക് 5 കിലോ അരിയും ഒരു കിലോ പയറും വീതം നല്‍കിയ സോഷ്യല്‍ ഔട്ട് റീച്ച് കമ്മറ്റിക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ് കളക്ടര്‍ സമ്മാനിച്ചു. അസിസ്റ്റന്റ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.യുവ വോട്ടര്‍മാര്‍ക്കുള്ള ഐ ഡി കാര്‍ഡും വിതരണം ചെയ്തു. കണയന്നൂര്‍ താലൂക്ക് സംഘാംഗങ്ങള്‍ വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരം നല്‍കി.

ചടങ്ങില്‍ സെന്റ് പോള്‍സ് കോളേജ് അസ്സോസിയേറ്റ് മാനേജര്‍ ഫാദര്‍ ജോസഫ് ആന്റണി പള്ളിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍
ഡോ. ഹാരിസ് റഷീദ് , ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോങ്ക്രെ, ചലച്ചിത്ര താരങ്ങളായ ഉണ്ണി മുകുന്ദന്‍ , ടിനി ടോം, ആര്‍.ജെയും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് എന്നിവര്‍ സംസാരിച്ചു. കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് അസ്സോസിയേറ്റ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വാലന്റയിന്‍ ഡിക്രൂസ് , ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി എ പ്രദീപ്, ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും കണയന്നൂര്‍ തഹസീല്‍ദാറുമായ ബീന പി ആനന്ദ്, കണയന്നൂര്‍ ഭൂരേഖ തഹസീല്‍ദാര്‍ റാണി പി. എല്‍ദോ തുടങ്ങിയവരും പങ്കെടുത്തു.