ജലേതര വരുമാനത്തിനും കൂടി മുന്‍ഗണന നല്‍കിയാണ് ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വാട്ടര്‍ അതോറിറ്റിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുടിവെള്ളം മാത്രമല്ല ടൂറിസം രംഗവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടനം ചെയ്ത ഈ പദ്ധതികളുടെ ലക്ഷ്യം ജലക്കരം കൂടാതെ മറ്റു വരുമാന മാര്‍ഗങ്ങള്‍  കണ്ടെത്തുകയാണ്.കേന്ദ്രമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2021 വരെ 23 ശതമാനം ഗ്രാമീണഭവനങ്ങളിലായിരുന്നു കുടിവെള്ളം എത്തിയിരുന്നത്. ഈ അഞ്ചു വര്‍ഷം കൊണ്ട് അത് 54 ശതമാനത്തിലെത്തിക്കാന്‍ സാധിച്ചു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീടുകളില്‍ ജലം എത്തിച്ചു നല്‍കുന്നത് ചെറുകിട ജലസേചന പദ്ധതികള്‍ വഴിയാണ്. എന്നാല്‍ കേരളത്തില്‍ നന്ദികള്‍, പുഴകള്‍, തടാകങ്ങള്‍ തുടങ്ങിയ ചെറുതും വലുതുമായ സ്രോതസുകള്‍ ഉപയോഗിച്ച് വന്‍ പദ്ധതികളാണ് നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.

പൈനാവ് കേരള വാട്ടര്‍ അതോറിറ്റി ഓഫീസ് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ്  എം.പി മുഖ്യപ്രഭാഷണം നടത്തി. കേരള വാട്ടര്‍ അതോറിറ്റി മധ്യ മേഖല ചീഫ് എഞ്ചിനീയര്‍ പ്രദീപ് വി. കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഹരി എന്‍ ആര്‍.  റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച കേരള വാട്ടര്‍ അതോറിറ്റി പൈനാവ് സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് കെട്ടിടം, നോണ്‍ വാട്ടര്‍ റവന്യൂ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചെറുതോണി, പൈനാവ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവുകള്‍, സര്‍ക്കിള്‍, ഡിവിഷന്‍ ഓഫീസുകള്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

ജലക്കരം കൂടാതെ മറ്റു വരുമാന മാര്‍ഗങ്ങള്‍  കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ ആദ്യത്തെ പൈലറ്റ് പ്രോജക്ടാണിത്. ജലശുദ്ധീകരണ ശാലകള്‍ക്കും ടാങ്കുകള്‍ക്കും മുകളിലും താഴെയുമായാണ് മുറികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചെറുതോണിയിലും പൈനാവിലുമായി മൊത്തം 72 ലക്ഷം രൂപയാണ് ചെലവ്. ചെറുതോണി ഡാമിനടുത്ത് ഉദ്ഘാടനം ചെയ്ത ഗസ്റ്റ് ഹൗസ് 15 ലക്ഷം ലിറ്റര്‍ ടാങ്കിന് മുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2 സ്യൂട്ട് മുറികള്‍, 4 ഡീലക്സ് മുറികള്‍, 200 പേര്‍ക്ക് ഇരിക്കാവുന്ന ‘പെരിയാര്‍’ കോണ്‍ഫറന്‍സ് ഹാള്‍ എന്നീ സൗകര്യങ്ങളാണുള്ളത്. ഇടുക്കി ഡാമിന്റെ മനോഹരമായ കാഴ്ചയും ഇവിടെ നിന്നാല്‍ ആസ്വദിക്കാം.  2.5 ലക്ഷം ലിറ്റര്‍ പ്ലാന്റിന് താഴെയായി രണ്ട് നിലകളില്‍ 3 സ്യൂട്ട് മുറികളും 2 സാധാരണ മുറികളുമുള്ളതാണ് പൈനാവിലെ ഗസ്റ്റ് ഹൗസ്. സ്യൂട്ട് മുറിക്ക് 3,000 രൂപയും സാധാരണ മുറിക്ക് 1,000,  ഹാളിന് 10,000 രൂപയുമാണ്  വാടക. മാര്‍ച്ച് 15 മുതല്‍ കെ.ഡബ്ല്യു.എ വെബ്സൈറ്റ് വഴി പൊതുജനങ്ങള്‍ക്ക് മുറികള്‍ ബുക്ക് ചെയ്യാം.

പരിപാടിയില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങളായ വിജി കണ്ണന്‍, അമ്മിണി ജോസ്, നൗഷാദ് റ്റി. ഇ, രാജു ജോസഫ്, റെജി കുന്നംകോട്ട്, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി, സാമൂഹ്യ- രാഷ്ട്രീയ നേതാക്കളായ കെ. ജി സത്യന്‍, ഷിജോ തടത്തില്‍, സണ്ണി ഇല്ലിക്കല്‍, ജോസ് കുഴികണ്ടം, സാജന്‍ കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.