എറണാകുളം : ഹരിത കേരളം മിഷൻ്റെയും ശുചിത്വ മിഷൻ്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ 10000 സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ജില്ലയിൽ 1000 സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി മാറുന്നു. ചൊവ്വാഴ്ച (ജനുവരി 26) രാവിലെ 11.30ന് നടക്കുന്ന പ്രഖ്യാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഇതിൻ്റെ ഭാഗമായി ജില്ലാതലത്തിൽ ഡി.ഡി പഞ്ചായത്ത് ,ഡി ഡി എജുക്കേഷൻ, ജില്ലാ പഞ്ചായത്ത് എന്നീ ഓഫീസുകളിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട മറ്റ് സർക്കാർ ഓഫീസുകളിലും പരിപാടി സംഘടിപ്പിക്കും.ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കറ്റും ഗ്രേഡും നല്‍കും.

താലൂക്ക്,ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി ,ഗ്രാമപഞ്ചായത്ത് ,സ്കൂൾ ,അങ്കണവാടികൾ തുടങ്ങിയ എല്ലാ സർക്കാർ ഓഫീസുളെയും ഉൾപ്പെടുത്തി പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരിത ഓഫീസ് പ്രഖ്യാപനത്തിന് 1000 സർക്കാർ ഓഫീസുകളെ ജില്ലയിൽ തെരഞ്ഞെടുത്തത്.

23 ഇനങ്ങളുടെ പരിശോധനയില്‍ 100 മാര്‍ക്കില്‍ 90-100 നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡും 80-89 വരെ നേടുന്നവര്‍ക്ക് ബി ഗ്രേഡും 70-79 വരെ നേടുന്നവര്‍ക്ക് സി ഗ്രേഡും നല്‍കും.

നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗ നിരോധനം,കഴുകി ഉപയോഗിക്കുന്ന പാത്രങ്ങളില്‍ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്ന ജീവനക്കാരുടെ എണ്ണം,ജൈവ-അജൈവ പാഴ്‌വസ്തുക്കള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കുക,ബിന്നുകളില്‍ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുക,ഇ-മാലിന്യം, ഉപയോഗ ശൂന്യമായ ഫര്‍ണിച്ചറുകള്‍ എന്നിവ നീക്കം ചെയ്യല്‍,ദ്രവ-മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം, വൃത്തിയായി പരിപാലിക്കുന്ന ശുചി മുറി നിര്‍ദ്ദേശക ബോര്‍ഡുകൾതുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരിത ഓഫീസ് പ്രഖ്യാപനം നടത്തുന്നത്.
പൊതു ജനങ്ങൾ ഏറ്റവുമധികം എത്തുന്ന സർക്കാർ ഓഫീസുകളിൽ ഹരിത ചട്ടം പാലിക്കുന്നത് വഴി നല്ലൊരു സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഹരിത ഓഫീസ് പ്രഖ്യാപനം നടത്തുന്നത്. ചടങ്ങിൽ ജില്ലാ കളക്ടർ എസ് സുഹാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ഹരിത കേരള മിഷൻ കോർഡിനേറ്റർ സുജിത്ത് കരുൺ, ശുചിത്വമിഷൻ കോഡിനേറ്റർ ഷൈൻ പി എച്ച്‌ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.