സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതയ്ക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ വാര്‍ഷിക അവാര്‍ഡ് നല്‍കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവായതായി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. 2021ലെ അന്താരാഷ്ട്ര വനിത ദിനത്തില്‍ ഈ പുരസ്‌കാരം നല്‍കും.

പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാതലത്തില്‍ ജില്ലാ വനിത ശിശുവികസന ഓഫീസുകളിലാണ് സ്വീകരിക്കുന്നത്. ലഭ്യമായ അപേക്ഷകള്‍ കളക്ടര്‍ അധ്യക്ഷനായിട്ടുള്ള ജില്ലാ സെലക്ഷന്‍ കമ്മിറ്റി പരിശോധിക്കും. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കണ്‍വീനറായ കമ്മിറ്റിയില്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍ നോമിനേറ്റ് ചെയ്യുന്ന രണ്ട് സന്നദ്ധ സംഘടന പ്രതിനിധികള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
അപേക്ഷ പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്ന നാമനിര്‍ദ്ദേശങ്ങള്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ് മുഖേന സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.

14 ജില്ലകളില്‍ നിന്നും ലഭിക്കുന്ന നോമിനേഷനുകള്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുന്ന ജെന്‍ഡര്‍ അഡൈ്വസറുടെ നേതൃത്വത്തിലുള്ള അവാര്‍ഡ് സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കും. അര്‍ഹമായ അപേക്ഷകള്‍ ലഭിക്കാത്തപക്ഷം സംസ്ഥാനതല സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നോമിനേഷനുകള്‍ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി ശുപാര്‍ശ ചെയ്യാം.
അപേക്ഷക ജിവിച്ചിരിക്കുന്ന ആളായിരിക്കണം, കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാകണം, ഏറെ ബുദ്ധിമുട്ടി ജിവിത സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജിച്ച വനിതകള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്കും മുന്‍ഗണന നല്‍കും.