കൊല്ലം: ജില്ലയിലെ മത്സ്യബന്ധന മേഖലയില്‍ സമഗ്രവികസനം സാധ്യമാക്കി സംസ്ഥാന സര്‍ക്കാര്‍. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ 25.5 കോടി രൂപയുടെ ഭവന നിര്‍മാണ പദ്ധതികളാണ് നടപ്പാക്കിയത്. 525 മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കാണ് ഇതുവഴി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായത്. 2016-17 വര്‍ഷത്തില്‍ 309 കുടുംബങ്ങള്‍ക്ക് 6.18 കോടി രൂപയുടെ ഭവന നിര്‍മ്മാണ പദ്ധതി നടപ്പാക്കി. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ‘അഭയം’ പാക്കേജ് വഴി അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 48.5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഫിഷറീസ് വകുപ്പു വഴി വിതരണം ചെയ്തു.

വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്നവരെ സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയ ബൃഹത് പദ്ധതിയാണ് പുനര്‍ഗേഹം. പുനരധിവാസത്തിന്റെ ഭാഗമായി വ്യക്തിഗത വീട് നിര്‍മ്മാണം, ഫ്‌ളാറ്റ് സമുച്ചയ നിര്‍മ്മാണം എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. മാറി താമസിക്കാന്‍ സന്നദ്ധത അറിയിച്ച 358 കുടുംബങ്ങളില്‍ സ്വന്തമായി സ്ഥലം കണ്ടെത്തിയ 91 ഗുണഭോക്താക്കള്‍ക്ക് 7.15 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്.
ഓഖി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഭൂമി, ഭവന നിര്‍മ്മാണ ധനസഹായങ്ങള്‍, ഭവന പുനരുദ്ധാരണ ധനസഹായ പദ്ധതി തുടങ്ങിയവയും നടപ്പിലാക്കി.

കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍, നാവിക്, ജി പി എസ്, ലൈഫ് ബോയ് തുടങ്ങിയ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കിവരുന്നു.
മത്സ്യബന്ധന മേഖലയിലെ സമഗ്രവികസനം ലക്ഷ്യമിട്ട് മറ്റ് നിരവധി പദ്ധതികളും വകുപ്പ് വഴി നടപ്പിലാക്കി വരുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഹയര്‍സെക്കന്‍ഡറി തലം മുതല്‍ മുകളിലേക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നതിനായി ഇ-ഗ്രാന്റ്‌സ് പദ്ധതി നടപ്പിലാക്കി. 2016 മുതല്‍ 3700 മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികള്‍ക്ക് 4.41കോടി രൂപയുടെ സാമ്പത്തിക സഹായമാണ് അനുവദിച്ചത്. കൂടാതെ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള 16023 വിദ്യാര്‍ത്ഥികള്‍ക്ക് 2016-21 വരെയുള്ള വര്‍ഷങ്ങളില്‍ 11.67 കോടി രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും വിതരണം ചെയ്തു.
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതി നടപ്പിലാക്കി.
ശുദ്ധജല മത്സ്യ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജില്ലയില്‍ പുതുതായി രണ്ട് മത്സ്യ വിത്തുല്പാദന കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി.അഷ്ടമുടിക്കായലിലെ കായല്‍ സമ്പത്ത് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ‘അഷ്ടമുടിക്കായല്‍ മത്സ്യസമ്പത്ത് സംരക്ഷണ പരിപാലന പദ്ധതി’ നടപ്പിലാക്കി.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പടുതാകുളത്തിലെ മത്സ്യ കൃഷി, ബയോ ഫ്‌ലോക്ക് മത്സ്യകൃഷി, കുളത്തിലെ കരിമീന്‍ കൃഷി എന്നിവയും നടപ്പിലാക്കി. സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷകാലയളവില്‍ മത്സ്യബന്ധന മേഖലയില്‍ സാധ്യമായിരിക്കുന്നത്.