തൃശ്ശൂര്‍:  വനമേഖലയില്‍ ജോലി ചെയ്യുന്നവരുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. വനം വകുപ്പ് ചാലക്കുടി ഡിവിഷനിലെ പരിയാരം റേഞ്ച് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സിന്റെ പുതിയ കോംപ്ലക്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ട താമസ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി 35 ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെ പണി ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഇന്ത്യയില്‍ വനഭൂമി വര്‍ദ്ധിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ ഒരെണ്ണം കേരളമാണ്. വനത്തിനു വെളിയില്‍ വനാവരണവും പച്ചപ്പും സൃഷ്ടിച്ച മൂന്നു സംസ്ഥാനങ്ങളില്‍ ഒരെണ്ണവും കേരളമാണ്. വനമേഖലയില്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയാണ് ഇതുവരെ നടപ്പാക്കിയ പദ്ധതികളില്‍ എടുത്തുപറയേണ്ടത്. വനത്തിനകത്ത് ആദിവാസിയേതര വിഭാഗത്തില്‍ വരുന്നവര്‍ക്കും കാടിനകത്ത് താമസിക്കുന്നവര്‍ക്കുമായി കാടിന് പുറത്ത് പുനരധിവാസം സാധ്യമാകുന്ന ഈ പദ്ധതിക്ക് വേണ്ടി 600 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ബി ദേവസ്സി എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, കൗണ്‍സിലര്‍ റോസി ലാസര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ തൃശൂര്‍ ഖ്യാതി മാധൂര്‍, അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി ജയ പ്രസാദ്, ചാലക്കുടി ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സംബുദ്ധ മജ്യുംദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

3.3 കോടി രൂപ ചിലവില്‍ നബാര്‍ഡിന്റെ സഹായത്തോടെ മൂന്ന് നിലകളിലായിട്ടാണ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടം പണിപൂര്‍ത്തീകരിച്ചിരിക്കുന്നത്.ഓരോ നിലകളിലും രണ്ട് ക്വാര്‍ട്ടേഴ്‌സുകള്‍ വീതം ആകെ 6 കുടുംബങ്ങള്‍ക്ക് താമസിക്കാം. 800 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഡ്രോയിങ്, ഡൈനിങ് ഹാള്‍, രണ്ട് അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍, കിച്ചന്‍, വര്‍ക്ക് ഏരിയ എന്നീ സൗകര്യങ്ങളോടെയാണ് ക്വാര്‍ട്ടേഴ്‌സുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

തൃശ്ശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളിന് കീഴില്‍ വരുന്ന ചാലക്കുടി,വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനുകളുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സുകള്‍ ചാലക്കുടിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.ചാലക്കുടി ഡിവിഷന്‍ പരിധിയിയിലാണ് പരിയാരം ക്വാര്‍ട്ടേഴ്‌സ് കോംപ്ലക്‌സ് വരുന്നത്. ചാലക്കുടി റേഞ്ചിലെ ജീവനക്കാര്‍ക്കായി 32 ക്വാര്‍ട്ടേഴ്‌സുകളുണ്ട്.താമസ സൗകര്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റനുബന്ധ കാര്യങ്ങള്‍ക്കുമായി ജീവനക്കാര്‍ക്ക് മികച്ച സൗകര്യങ്ങളോടെയാണ് പുതിയ ക്വാര്‍ട്ടേഴ്‌സ് കോംപ്ലക്‌സ് പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്.